വെമ്പായം: പതിനാറുകാരൻ പേട്ടയിൽ ട്രെയിൻ തട്ടി മരിച്ചതായി സുഹൃത്ത് നൽകിയ മൊഴിയിലെ ദുരൂഹത നീക്കാൻ പൊലീസ്. വിവരം വെളിപ്പെടുത്തിയ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. വെമ്പായം തേക്കട വാറുവിളാകത്തുവീട്ടിൽ ബിജുവിന്റെയും ബീനയുടെയും മകൻ അഭിജിത്തിന്റെ മൃതദേഹമാണ് പേട്ട റെയിൽപാളത്തിൽ കണ്ടെത്തിയതെന്നാണ് വിവരം. മാർച്ച് 3ന് വെട്ടുകാടുള്ള സുഹൃത്തിനൊപ്പമാണ് വീട്ടിൽ നിന്ന് അഭിജിത്ത് പോയത്. സ്ഥിരമായി വീട്ടിൽ നിന്ന് മാറിനിൽക്കുന്ന പ്രകൃതമായതിനാൽ വീട്ടുകാർ ആദ്യം സംശയിച്ചില്ല. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഫോണിലൂടെയും ബന്ധപ്പെടാതെ വന്നതോടെ മാർച്ച് 17ന് വീട്ടുകാർ വട്ടപ്പാറ പൊലീസിൽ പരാതി നൽകി.
ഇതിനിടെ മാർച്ച് 5ന് പേട്ടയിൽ ട്രെയിൻ തട്ടിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തി.ബന്ധുക്കളാരും എത്താതായതോടെ ഏപ്രിൽ 5ന് പേട്ട പൊലീസ് മൃതദേഹം സംസ്കരിക്കാൻ അനുമതിയും നൽകി. ഇതേസമയം അഭിജിത്തിനായി ബന്ധുക്കൾ വട്ടപ്പാറ പൊലീസിന്റെ സഹായത്തോടെ തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. എന്നാൽ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് മന്തി ജി.ആർ. അനിലിന് പരാതി നൽകുകയും മന്ത്രി മുഖേന മുഖ്യമന്ത്രിക്കും പരാതി നൽകി. ഇതോടെ അന്വേഷണം പൊലീസ് കൂടുതൽ ഊർജ്ജിതമാക്കി. അഭിജിത്തിന്റെ സുഹൃത്തുക്കളെ ചോദ്യംചെയ്യുകയും ചെയ്തു. ഇതിൽ അന്ന് വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയ സുഹൃത്തിനെ ചോദ്യംചെയ്തപ്പോഴാണ് മാർച്ച് 5ന് പേട്ടയിൽ കണ്ടെത്തിയ മൃതദേഹം അഭിജിത്തിന്റേതാണെന്ന് മൊഴിനൽകിയത്. ട്രെയിൻ തട്ടി യുവാവ് മരിച്ചതായ പത്രവാർത്ത കണ്ടപ്പോൾ അഭിജിത്താണെന്ന് തോന്നിയെന്നും അഭിജിത് തനിക്കൊപ്പം വന്നതിനാൽ സംഭവത്തിൽ തന്നെ സംശയിക്കുമെന്ന് ഭയന്നാണ് വിവരം ആരോടും പറയാത്തതെന്നും സുഹൃത്ത് മൊഴിനൽകി.
ഇതോടെ വട്ടപ്പാറ പൊലീസ്, പേട്ട പൊലീസിൽ ബന്ധപ്പെടുകയും സംഭവ ദിവസത്തെ ഫോട്ടോ വാങ്ങി അഭിജിത്തിന്റെ അടുത്ത ബന്ധുക്കളെ കാണിച്ച് ഉറപ്പുവരുത്തുകയുമായിരുന്നു. മകന് എന്താണ് സംഭവിച്ചതെന്ന് അറിയണമെന്നും തങ്ങളെ അറിയിക്കാതെ മൃതദേഹം സംസ്കരിച്ചതിനെക്കുറിച്ച് വ്യക്തമാക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.
ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള സുഹൃത്തിനൊപ്പം തമ്പാനൂരിൽ ബസ് ഇറങ്ങുന്നത് കണ്ടവരുണ്ടെന്നും മുമ്പ് ഇതേ സുഹൃത്തിനോട് അന്വേഷിച്ചപ്പോൾ യാതൊന്നും അറിയില്ലെന്നായിരുന്നു മറുപടിയെന്നും വീട്ടുകാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |