സുൽത്താൻ ബത്തേരി : സൂര്യകാന്തി പ്രഭയിലാണ് കേരള അതിർത്തിയായ കർണാടക ഗുണ്ടിൽപേട്ടിലെ പാടങ്ങൾ. പതിവിലും നേരത്തെയാണ് ഇത്തവണ പാടങ്ങളിൽ സൂര്യകാന്തി വിരിഞ്ഞത്. മഞ്ഞപ്പട്ടുപുതച്ച് കണ്ണിനിമ്പമേകുന്ന കാഴ്ചയാണ് നോക്കെത്താ ദൂരത്തോളമുള്ള പാടങ്ങളിൽ. ഗുണ്ടിൽപേട്ടിൽ ഏക്കർകണക്കിന് സ്ഥലത്താണ് ഇത്തവണ സൂര്യകാന്തി കൃഷിയിറക്കിയിരിക്കുന്നത്. സൂര്യകാന്തിയുടെ വിത്ത് ഉണക്കി എണ്ണ കരുവാക്കി നൽകുകയാണ് ചെയ്യുന്നത്. സൂര്യകാന്തി പാടങ്ങൾ വിളഞ്ഞു തുടങ്ങുന്നതോടെ മില്ലുടമകൾ കർഷകര സമീപിച്ച് വില കെട്ടിയെടുക്കും. വൻകിട മില്ലുടമകൾ കർഷകർക്ക് സൂര്യകാന്തി നടുന്നതിന് മുൻകൂർ പണവും വിത്തും വളവും നൽകിയാണ് കച്ചവടം ഉറപ്പിക്കുന്നു. മഴ ശക്തമാകുന്നതിന് മുമ്പ് വിളവെടുത്തില്ലെങ്കിൽ വിത്ത് ഉണങ്ങി കിട്ടുകയില്ല . കഴിഞ്ഞ തവണ നിരവധി കർഷകരെ മഴചതിച്ചിരുന്നു. അതിനാലാണ് ഇത്തവണ നേരത്തെ കൃഷിയിറക്കിയത്. സൂര്യകാന്തി പാടങ്ങൾ കൊയ്‌തൊഴിയുന്നതോടെ ചെണ്ട് മല്ലി കൃഷി ആരംഭിക്കും. ചെണ്ടുമല്ലികൾ കൂടി പൂക്കുന്നതോടെ ജൂലായ് ആഗസ്റ്റ് മാസങ്ങളിൽ കൃഷിയിടങ്ങളിൽ വർണ വിസ്മയം വിടരും. സൂര്യകാന്തിയും ജമന്തിയും ചെണ്ടുമല്ലിയുമാണ് ഗുണ്ടിൽപേട്ടിലെ പൂപാടങ്ങളിൽ പ്രധാനമായും കൃഷിയിറക്കുന്നത്. പൂ കൃഷി ആദ്യം കന്നഡികർ മാത്രമായിരുന്നു. ഇപ്പോൾ നിരവധി മലയാളികളാണ് സ്ഥലം ലീസിനെടുത്ത് കൃഷി ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |