പാലക്കാട്: ''എല്ലാ സ്‌കൂൾ അവധിക്കാലത്തും അവർ ഇങ്ങോട്ടുവരും. കഴിഞ്ഞ ആഗസ്റ്റിലാണ് അവർ നാട്ടിൽ നിന്നും തിരിച്ചു പോയത്. കൊച്ചുമക്കൾ ഈ മാസം 28ന് വരാനിരിക്കെയായിരുന്നു, വിധി അവരെ തട്ടിയെടുത്തു '' റിയയുടെ ഇളയച്ഛൻ ദിനേശ് കുമാർ വിതുമ്പലോടെ പറഞ്ഞു.
കെനിയയിലെ അപകടത്തിൽപെട്ട് മരിച്ച റിയയുടെയും മകൾ ടൈറയുടെയും വിയോഗം ഉൾക്കൊള്ളാനാകാതെ വിതുമ്പുകയാണ് മണ്ണൂർ കാഞ്ഞിരംപാറയിലെ റിഷി വില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മരുമകൻ ജോയലും കൊച്ചുമകൻ ട്രാവിസും സുഖം പ്രാപിച്ച് വീട്ടിലേക്കെത്തുന്നതും കാത്തിരിക്കുകയാണ് ആ കുടുംബം.
തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് അപകടത്തെക്കുറിച്ച് കുടുംബത്തിന് വിവരം ലഭിക്കുന്നത്. പക്ഷെ അപ്പോഴും മരിച്ചെന്ന വിവരം അറിഞ്ഞിരുന്നില്ല. റിയയുടെ പിതാവ് രാധാകൃഷ്ണന് ജോയലിന്റെ ഫോൺകോൾ വന്നിരുന്നു. ഹലോ അങ്കിൾ ഒരു അപകടമുണ്ടായി എന്നു മാത്രമായിരുന്നു ജോയൽ പറഞ്ഞിരുന്നത്. പിന്നീട് മകളെയും മരുമകനെയും രാധാകൃഷ്ണൻ നിരന്തരം വിളിച്ചെങ്കിലും കിട്ടിയില്ല. ആശങ്കയോടെയും ആവലാതിയോടെയും നേരം പുലരുവോളം മക്കൾക്ക് ഒന്നും സംഭവിക്കരുതേയെന്നായിരുന്നു പ്രാർത്ഥന. പക്ഷെ വിധി വിപരീതമായി. ചെവ്വാഴ്ച ഉച്ചയോടെയാണ് മകളും കൊച്ചുമകളും അപകടത്തിൽ മരിച്ചെന്ന വിവരം റിയയുടെ മാതാപിതാക്കളായ രാധാകൃഷ്ണനും ശാന്തിയും അറിയുന്നത്. ഖത്തറിലുള്ള ജോയലിന്റെ സുഹൃത്തായിരുന്നു വിവരമറിയിച്ചത്. ആറു വർഷമായി റിയയും കുടുംബവും ഖത്തറിലെ ബക്രിയയിലാണ് താമസം. എയർപോട്ടിൽ മെയിന്റെനൻസ് കമ്പനി ഉദ്യോഗസ്ഥയാണ് റിയ. ജോയൽ ഖത്തറിലെ ട്രാവൽ കമ്പനിയിലാണ് ജോലിചെയ്യുന്നത്. മുൻ പ്രാവാസിയായിരുന്നു രാധാകൃഷ്ണൻ.
ഒറ്റക്കായി ഷിയ
പ്രിയ സഹോദരി എന്നതിലുപരി പ്രിയ കൂട്ടുകാരിയായിരുന്നു റിയക്ക് ഇരട്ട സഹോദരി ഷിയ. ഒരുമിച്ചു കളിച്ചു പഠിച്ചു വളർന്നു അവസാനം ഒറ്റക്ക് യാത്രയായി. ദുബായിൽ ജോലി ചെയ്യുകയാണ് ഷിയയും കുടുംബവും. സഹോദരൻ റിഷി ദുബായിൽ മെക്കാനിക്കൽ എൻജിനീയറാണ്. സഹോദരിയുടെ വിയോഗം അറിഞ്ഞയുടൻ റിഷി കെനിയയിലേക്ക് പോയി. ഷിയ ഇന്നലെ നാട്ടിലെത്തി. ടൈറ ഖത്തർ ലൊയോള ഇന്റർനാഷണൽ സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാത്ഥിനിയും മകൻ ട്രാവിസ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമാണ്.
പേടിക്കാനൊന്നുമില്ല അമ്മേ.... ഞങ്ങൾ സുരക്ഷിതരാണ്
പേടിക്കാനൊന്നുമില്ല അമ്മേ... ഞങ്ങൾ സുരക്ഷിതരാണ്.. ഒന്നര മണിക്കൂറിനുള്ളിൽ താമസസ്ഥത്ത് തിരിച്ചെത്തും. അമ്മ ശാന്തിയുടെ ഫോണിലേക്ക് അവസാനമായെത്തിയ റിയയുടെ ശബ്ദ സന്ദേശമാണിത്. തിങ്കളാഴ്ച്ച ഉച്ചയ്ക്കായിരുന്നു അത്. മകളും കുടുംബവും യാത്ര കഴിഞ്ഞ് തിരിച്ചെത്തിയിട്ടുണ്ടാകുമെന്ന വിശ്വാസത്തിലായിരുന്ന ശാന്തി പിന്നീട് കേട്ടത് മകളുടെ വിയോഗമായിരുന്നു. റിയയും ജോയലും അടുത്തമാസം 24 ന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചിനായിരുന്നു റിയയും കുടുംബവും കെനിയയിലേക്ക് വിനോദ യാത്രക്ക് പുറപ്പെട്ടത്. ഖത്തറിൽ ബലി പെരുന്നാൾ പ്രമാണിച്ച് അഞ്ചുദിവസം അവധിയായിരുന്നു. അവധി ആഘോഷിക്കാനാണ് ജോയലിന്റെ കമ്പനി നേതൃത്വം നൽകുന്ന വിനോദയാത്ര സംഘത്തിനൊപ്പം ഇവരും യാത്രപോയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |