തിരുവനന്തപുരം:സംസ്ഥാനത്ത് സർക്കാർ അംഗീകാരമുളള അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലും പ്ളസ് വൺ ബാച്ചുകൾക്ക് 10% അധിക സീറ്റ് അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം.ഇതാദ്യമായാണ് അൺ എയ്ഡഡ് സ്കൂളുകൾക്ക് പത്തുശതമാനം മാർജിനൽ സീറ്റ് വർദ്ധനയ്ക്ക് അനുമതി നൽകുന്നത്.
ആവശ്യപ്പെടുന്ന അൺ എയ്ഡഡ് സ്കൂളുൾക്ക് നിശ്ചിത യോഗ്യതയുണ്ടോയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പരിശോധിച്ച് ഉറപ്പാക്കിയിട്ടായിരിക്കും 10% മാർജിനൽ സീറ്റ് വർദ്ധിപ്പിക്കാൻ അനുവദിക്കുക. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്ക് വിധേയമായിട്ടായിരിക്കും ഇത് നടപ്പാക്കുക.
സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ മാത്രമാണ് സാധാരണ മാർജിനൽ സീറ്റ് അനുവദിക്കുക.
ഇത്തവണ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്,കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിൽ സർക്കാർ സ്‌കൂളുകളിൽ 30% ഉം ഇതേ ജില്ലകളിലെ എയ്ഡഡ് സ്കൂളുകളിൽ 20%ഉം മാർജിനൽ സീറ്റ് വർദ്ധനവും എറണാകുളം,തൃശ്ശൂർ,കൊല്ലം ജില്ലകളിലേയും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ,ചേർത്തല താലൂക്കുകളിലെയും എല്ലാ സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ 20% മാർജിനൽ സീറ്റ് വർദ്ധനയും ഇതിനകം അനുവദിച്ചിരുന്നു. ഇതിന് പുറമെ ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകളിൽ 10% അധിക മാർജിനൽ സീറ്റ് വർദ്ധന നൽകാനും നിർദ്ദേശിച്ചിരുന്നു. കൂടാതെ പ്ളസ് വണ്ണിന് താൽക്കാലികമായി 2022ൽ അനുവദിച്ച 81ബാച്ചുകളും 2023ൽ അനുവദിച്ച 111ബാച്ചുകളും 2024ൽ അനുവദിച്ച 138ബാച്ചുകളും ഈ വർഷവും തുടരാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതോടെ ഹയർസെക്കൻഡറിക്ക് 4,41,887 സീറ്റുകളും വി.എച്ച്.എസി.ക്ക് 33030സീറ്റുകളുമുൾപ്പെടെ സംസ്ഥാനത്ത് 4,74,917 സീറ്റുകളാണ് പ്ളസ് വൺ പ്രവേശനത്തിന് ഒരുങ്ങുക.
തുടർപഠനത്തിന് 4,24,583 പേർ
ഇത്തവണ എസ്.എസ്.എൽ.സി.ക്ക് 4,24,583 വിദ്യാർത്ഥികളാണ് തുടർപഠനത്തിന് യോഗ്യത നേടിയത്. എന്നിട്ടും അൺ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകൾക്ക് 10%മാർജിനൽ സീറ്റ് അനുവദിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.കീം,ജെ.ഇ.ഇ.തുടങ്ങിയ എൻട്രൻസ് പരീക്ഷകൾക്ക് കോച്ചിംഗ് സൗകര്യവും കൂടി ചേർത്ത് പ്ളസ് വൺ കോഴ്സുകൾ നടത്തുന്ന അൺ എയ്ഡഡ് സ്കൂളുകളാണ് കൂടുതൽ സീറ്റുകളിൽ പ്രവേശനത്തിന് അനുമതി തേടുന്നത്. ഇത്തരം സ്കൂളുകളിലെ പ്രവേശനത്തിലും ഫീസിലും സർക്കാർ നിയന്ത്രണങ്ങളില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |