തിരുവനന്തപുരം: കെനിയയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഗീത ഷോജി ഐസക്കിനെയും (58) പരിക്കേറ്റ് ചികിത്സയിലുള്ള ഭർത്താവ് ഷോജി ഐസക്ക്, മകൻ ഏബിൾ എന്നിവരെയും നാട്ടിലെത്തിക്കും. തിരുവനന്തപുരം സുഭാഷ് നഗറിൽ താമസിക്കുന്ന മാതവ് അന്നമ്മ ഉമ്മൻ ഇന്നലെ വൈകിട്ടോടെയാണ് ദുരന്തം അറിഞ്ഞത്. കൊച്ചിയിലായിരുന്ന ഗീതയുടെ മകൻ ജോയലും വൈകിട്ടോടെ സുഭാഷ് നഗറിലെ വീട്ടിലെത്തി. വിനോദയാത്രയ്ക്ക് പോയവർക്കുണ്ടായ ദുരന്തത്തിന്റെ നടുക്കത്തിലാണ് ഇവരും ബന്ധുക്കളും. ചികിത്സയിലുള്ള ഷോജിക്ക് യാത്രചെയ്യാവുന്ന അവസ്ഥയിലല്ലെന്നും ഏബിളിന് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടതുണ്ടെന്നും ജോയൽ പറഞ്ഞു.
ഭർത്താവ് ഷോജി ഐസക്കും രണ്ടാമത്തെ മകൻ ഏബിളും ഗീതയ്ക്കൊപ്പം ഉണ്ടായിരുന്നു. നെയ്റോബിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഭർത്താവും മകനും.
മകളുടെ മരണവിവരം ഇന്നലെ ഉച്ചയോടെയാണ് 87 വയസുള്ള അന്നമ്മ ഉമ്മനെ ബന്ധുക്കൾ അറിയിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണെന്ന് മാത്രമാണ് പറഞ്ഞിരുന്നത്. മരണവിവരം ആശുപത്രിയിൽ ചികിത്സയിലുള്ള ഷോജിയെ ഇന്നലെ വൈകിട്ടുവരെ അറിയിച്ചിട്ടില്ലെന്ന് ജോയൽ പറഞ്ഞു. ഷോജിയുടെ സഹോദരൻ കെനിയയിലേക്ക് തിരിച്ചിട്ടുണ്ട്.
ഗീതയുടെ മൃതദേഹം എയർ ലിഫ്റ്റ് ചെയ്ത് നെയ്റോബിയിൽ എത്തിച്ചിട്ടുണ്ട്. കേരളത്തിലെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്.
കരമന എൻ.എസ്.എസ് കോളേജ് റിട്ട. അദ്ധ്യാപികയാണ് അന്നമ്മ ഉമ്മൻ. മറ്റൊരു മകൾ ദീപ ന്യൂയോർക്കിലാണ്. മാവേലിക്കര ചെറുകോൽ സ്വദേശിയായ ഷോജി ഐസക്കും ഗീതയും ആദ്യം കൊച്ചി പാലാരിവട്ടത്തേക്കും പിന്നീട് 2001ൽ ഖത്തറിലേക്കും മാറുകയായിരുന്നു. കൊച്ചിയിൽ ഓൺലൈൻ കൺസൾട്ടിംഗ് ഡോക്ടറാണ് ജോയൽ. ഏബിൾ ഖത്തറിൽ എൻജിനിയറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |