വാഷിംഗ്ടൺ: ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധം ശക്തമായി തുടരുന്ന ലോസ് ആഞ്ചലസിൽ കർഫ്യൂ ഏർപ്പെടുത്തി. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 8 മുതൽ ഇന്നലെ രാവിലെ 6 വരെ (ഇന്ത്യൻ സമയം ഇന്നലെ രാവിലെ 8:30 - വൈകിട്ട് 6:30) ഡൗൺടൗൺ ലോസ് ആഞ്ചലസിലായിരുന്നു കർഫ്യൂ. പ്രക്ഷോഭത്തിന് ശമനമില്ലെങ്കിൽ ഇന്നും കർഫ്യൂ ഏർപ്പെടുത്തിയേക്കും. പ്രതിഷേധത്തിനിടെ മോഷണവും അക്രമവും വ്യാപകമായതോടെയാണ് മേയർ കർഫ്യൂ ഏർപ്പെടുത്തിയത്. 197 പേരെയാണ് പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ട്രംപിന്റെ നിർദ്ദേശ പ്രകാരം ഇമിഗ്രേഷൻ ആൻഡ് കസ്‌റ്റംസ് എൻഫോഴ്സ്‌മെന്റ് വിഭാഗം റെയ്ഡുകൾ വ്യാപകമാക്കിയതോടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലാറ്റിൻ വംശജരുടെ നേതൃത്വത്തിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഒതുക്കാൻ 4,000 നാഷണൽ ഗാർഡ് സൈനികരെയും 700 മറീനുകളെയും ട്രംപ് ലോസ് ആഞ്ചലസിൽ വിന്യസിച്ചിട്ടുണ്ട്.
സർക്കാർ ഉദ്യോഗസ്ഥരെയും കെട്ടിടങ്ങളും സംരക്ഷിക്കുകയാണ് ഇവരുടെ ചുമതല. അറസ്റ്റ് ചെയ്യാൻ അനുമതിയില്ല. എന്നാൽ, ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന, ലോസ് ആഞ്ചലസ് ഉൾപ്പെടുന്ന കാലിഫോർണിയ സംസ്ഥാനം സൈന്യത്തെ വിന്യസിച്ചതിന് എതിരാണ്. തന്റെ അനുമതിയില്ലാതെ സൈന്യത്തെ വിന്യസിച്ചതിന് ട്രംപിനെതിരെ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം രംഗത്തെത്തിയിരുന്നു.
ജയിലിൽ അടയ്ക്കണം: ട്രംപ്
അമേരിക്കൻ പതാക കത്തിച്ച് പ്രതിഷേധിക്കുന്നവർക്ക് ഒരു വർഷം ജയിൽ ശിക്ഷ നൽകണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ' അവർ മറ്റ് രാജ്യങ്ങളുടെ പതാകകൾ അഭിമാനത്തോടെ കൊണ്ടുനടക്കുന്നു. അവർ അമേരിക്കൻ പതാക കത്തിക്കുന്നു. - നോർത്ത് കാരലൈനയിലെ പരിപാടിയിൽ ട്രംപ് പറഞ്ഞു. പതാക കത്തിക്കുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പാക്കാനുള്ള നിയമം പാസാക്കുന്നത് സംബന്ധിച്ച് ട്രംപ് സർക്കാർ ചില സെനറ്റർമാരുമായി ആലോചന നടത്തുന്നുണ്ട്. നിലവിൽ യു.എസിൽ പതാക കത്തിക്കുന്നത് കുറ്റകരമല്ല. 1989ലെ സുപ്രീംകോടതി വിധി പ്രകാരം ഒരുതരം രാഷ്ട്രീയ പ്രകടനമായാണ് ഇത് കണക്കാക്കുന്നത്.
പ്രതിഷേധം വ്യാപിക്കുന്നു
കുടിയേറ്റ നയങ്ങൾക്കെതിരെ ന്യൂയോർക്ക്, അറ്റ്‌ലാന്റ, ഷിക്കാഗോ, ടെക്സസ് എന്നിവിടങ്ങളിലേക്കും പ്രതിഷേധങ്ങൾ വ്യാപിച്ചു. ടെക്സസിൽ നാഷണൽ ഗാർഡ് സൈനികരെ വിന്യസിക്കുമെന്ന് ഗവർണർ ഗ്രെഗ് അബോട്ട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |