ബേപ്പൂർ: ട്രോളിംഗ് നിരോധനം നിലവിൽ വന്ന് മത്സ്യ ലഭ്യത കുറഞ്ഞതോടെ ഫൈബർ വള്ളങ്ങൾക്കടിയിലെ കല്ലുമ്മക്കായക്ക് വൻ ഡിമാന്റ്. അറ്റകുറ്റപ്പണിക്കായി കരയിലേക്ക് കയറ്റുന്ന ഫൈബർ വള്ളങ്ങളുടെ അടിയിലാണ് കല്ലുമ്മക്കായ വ്യാപകമായി കണ്ടുവരുന്നത്. ബേപ്പൂർ ഭാഗത്ത് മാത്രമായി അഞ്ചോളം യാർഡുകൾ പ്രവർത്തിക്കുന്നുണ്ട്. ചാലിയം, പൊന്നാനി, പുതിയാപ്പ, കൊയിലാണ്ടി എന്നീ ഭാഗങ്ങളിൽ നിന്നും വരുന്ന ഫൈബർ വള്ളങ്ങൾക്കടിയിലാണ് പ്രധാനമായും കല്ലുമ്മക്കായയുള്ളത്. വള്ളങ്ങൾ കരയിലേക്ക് കയറ്റിയാൽ ആവശ്യക്കാർക്ക് യഥേഷ്ടം ശേഖരിക്കാം. മാസങ്ങളോളം കടലിലും പുഴയിലും നങ്കൂരമിടുന്ന ഫൈബർ വള്ളങ്ങൾക്കടിയിലും ബോട്ടുകളുടെ അടിയിലുമാണ് കല്ലുമ്മക്കായ രൂപപ്പെടുന്നത്.
കാലവർഷം കനക്കുമ്പോൾ ശുദ്ധജലം കലർന്ന് പുഴയിൽ ഉപ്പിൻ്റെ അംശം കുറയുന്നതിന് മുമ്പ് കരയിലേക്ക് കയറ്റുന്ന യാനങ്ങൾക്കടിയിൽ ഇവയുണ്ടാവും. ഈ മാസങ്ങളിൽ ഇളം പച്ച നിറത്തിലുള്ള കല്ലുമ്മക്കായക്ക് പകരം കറുപ്പ് കലർന്ന കല്ലുമ്മക്കായയാണ് കണ്ടുവരാറുള്ളത്. വലുപ്പക്കുറവുണ്ടെങ്കിലും ഉൾഭാഗത്ത് ആവശ്യത്തിന് ഇറച്ചി ഉണ്ടെന്നാണ് കല്ലുമ്മക്കായ ശേഖരിക്കുന്നവർ പറയുന്നത്.
ഒരു ക്വിൻ്റൽ വരെ
ഒരു വലിയ ഫൈബർ വള്ളത്തിനടിയിൽ ഒരു ക്വിൻ്റലിൽ അധികം കല്ലുമ്മക്കായ കിട്ടാറുണ്ട്. ഇത്തരം കല്ലുമ്മക്കായകൾ ശേഖരിച്ച് വിൽക്കാറാണ് പതിവ്. ഫൈബർ വള്ളങ്ങൾക്കടിയിലെ ഇത്തരം കല്ലുമ്മക്കായ, മുരുപ്പ് എന്നിവ നീക്കം ചെയ്ത് അടിഭാഗം പ്യൂപ്പൽ തടയാനുളള പെയിൻ്റ് ചെയ്താണ് ഓരോ വള്ളവും നീറ്റിലിറക്കുന്നത്. മത്സ്യബന്ധന സമയത്ത് വലകൾ യാനത്തിലേക്ക് വലിച്ചു കയറ്റുന്നതിനിടയിൽ ഫൈബറിനടിയിലെ കല്ലുമ്മക്കായകളിലും മുരുപ്പിലും തട്ടി വല കീറി വലയിലകപ്പെടുന്ന മത്സ്യം പുറത്ത് പോകാതിരിക്കാനാണ് യാനങ്ങളുടെ അടിഭാഗം വൃത്തിയാക്കുന്നത്.
ട്രോളിംഗ് നിരോധന കാലയളവിൽ ഫൈബർ വള്ളങ്ങൾക്ക് വിലക്ക് ഇല്ലാത്തതിനാലാണ് വള്ളങ്ങൾ മത്സ്യബന്ധനത്തിന് പോകുന്നതിന് മുമ്പ് അറ്റകുറ്റപ്പണിക്കായി കരയിലേക്ക് കയറ്റുന്നത്. കല്ലുമ്മക്കായ വളർത്ത് കേന്ദ്രത്തിലേക്കും ഫൈബർ വള്ളങ്ങൾക്കടിയിൽ കാണപ്പെടുന്ന കല്ലുമ്മക്കായ കുഞ്ഞുങ്ങളെ കൊണ്ടുപോകാറുണ്ട്. കല്ലുമ്മക്കായ കൂടാതെ മുരുവിറച്ചിക്കുവേണ്ടി യാനങ്ങൾക്കടിയിൽ വളരുന്ന വലിയ മുരുപ്പും നാട്ടുകാർ ശേഖരിക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |