അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെടുന്നതിന് ഇടയാക്കിയത് പക്ഷിയിടിയോ? അപകടസമയം വിമാനത്തിന്റെ വേഗത ഉൾപ്പെടെ കണക്കിലെടുക്കുമ്പോൾ ഇത്തരമൊരു സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ടേക്ക് ഒഫ് ചെയ്യുന്നതിനിടെ പക്ഷി ഇടിച്ചത് നിശ്ചിത വേഗത കൈവരിക്കുന്നതിൽ നിന്ന് വിമാനത്തെ തടഞ്ഞുവെന്നും തുടർന്ന് അപകടത്തിന് കാരണമായിരിക്കാം എന്നുമാണ് മുൻ സീനിയർ പൈലറ്റായ ക്യാപ്റ്റൻ സൗരഭ് ഭട്‌നാഗർ പറയുന്നത്.
'വിമാനത്തിൽ പക്ഷി ഇടിച്ചതിന്റെ (ഒന്നിലധികം) ഫലമായി രണ്ട് എഞ്ചിനുകളും പവർ നഷ്‌ടപ്പെട്ടതുപോലെയായിരുന്നു വിമാനം. ടേക്ക് ഒഫ് മികച്ചതായിരുന്നു. എന്നാൽ ഗിയർ അപ്പ് എടുക്കുന്നതിന് മുമ്പ് വിമാനം താഴേക്ക് ഇറങ്ങാൻ തുടങ്ങി. ഇങ്ങനെ സംഭവിക്കുന്നത് എഞ്ചിൻ പവർ നഷ്‌ടപ്പെടുമ്പോഴാണ്.' - അദ്ദേഹം പറഞ്ഞു.
'വിമാനത്തിന് നിശ്ചിത വേഗത കൈവരിച്ച് ഉയരാൻ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാകേണ്ടതുണ്ട്. ടേക്ക് ഒഫിൽ ഒന്നിലധികം പക്ഷി ഇടിച്ചാൽ 6-7 മിനിട്ടിനുള്ളിൽ തന്നെ അപകടം സംഭവിക്കാം. വിമാനത്തിന് 11 വർഷം പഴക്കമുണ്ട്. പക്ഷേ, സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ല. വിമാനത്താവളത്തിനപ്പുറം ഒരു റെസിഡൻഷ്യൽ ഏരിയയാണ്. അതിനാൽത്തന്നെ പ്രദേശത്ത് പക്ഷികൾ ഉണ്ടാവാനുളള സാദ്ധ്യത കൂടുതലാണ്. വിശദാംശങ്ങൾ പുറത്തുവരാൻ നമുക്ക് കാത്തിരിക്കാം'- എന്നാണ് വ്യോമയാന വിദഗ്ധൻ സഞ്ജയ് ലാസർ പറയുന്നത്.
തകർന്നുവീഴുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് മെയ്‌ഡേ കോൾ നൽകിയിരുന്നു. അതിനാൽത്തന്നെ അപകടം നടക്കുമെന്ന് പൈലറ്റിന് വ്യക്തമായിരുന്നു. ദുരന്തമുണ്ടാകുമ്പോൾ എമർജൻസി ലാൻഡിംഗിന് വേണ്ടിയിട്ടാണ് 'മെയ്‌ഡേ' സന്ദേശം നൽകുന്നത്. അഹമ്മദാബാദിൽ സന്ദേശത്തിന് പിന്നാലെ വിമാനം തകർന്നുവീഴുകയായിരുന്നുവെന്നാണ് സൂചന. എയർ ട്രാഫിക് കൺട്രോളിൽ നിന്നുള്ള പ്രതികരണം വിമാനം റിസീവ് ചെയ്‌തിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |