അഹമ്മദാബാദ് : അഹമ്മദാബാദ് വിമാനാപകടത്തിൽ 204 മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ കൈമാറുന്നതിന് അടുത്ത ബന്ധുക്കളുടെ ഡി.എൻ.എ സാമ്പിൾ ശേഖരിച്ചു തുടങ്ങി. ബി.ജെ മെഡിക്കൽ കോളേജിലാണ് രക്ത സാമ്പിൾ ശേഖരണ നടപടികൾ തുടങ്ങിയത്. ഡി.എൻ.എ പരിശോധന ഗാന്ധി നഗർ ഫോറൻസിക് ലാബിൽ നടക്കും. ഡി.എൻ.എ ഫലം ലഭിച്ച ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.
അതേസമയം അപകടത്തിൽ നിന്ന് ഒരാൾ അദ്ഭുതകരമായി രക്ഷപ്പെട്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. രമേശ് ബിശ്വാസ് കുമാർ എന്ന യുവാവാണ് രക്ഷപ്പെട്ടത്. എമർജൻസി എക്സൈറ്റ് വഴിയാണ് യുവാവ് രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ട്.
ഇന്ന് ഉച്ചക്ക് 1.30ഓടെയാണ് രാജ്യം നടുങ്ങിയ അപകടം ഉണ്ടായത്. സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ സമീപത്തുള്ള ബി.ജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക് വിമാനം തകർന്നു വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും പത്ത് കാബിൻ ക്രൂവും യാത്രക്കാരും ഉൾപ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരുമാണ്. ഒരു കനേഡിയൻ പൗരനും വിമാനത്തിലുണ്ടായിരുന്നു. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം വിമാനം തകർന്നുവീണ് അഗ്നിഗോളമായി മാറി.
അപകടത്തിന് കാരണം വിമാനത്തിന്റെ രണ്ട് എൻജിനുകളിലും പക്ഷി ഇടിച്ചതാകാമെന്ന് സംശയിക്കുന്നതായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ( ഡിജിസിഎ) വാർത്താക്കുറിപ്പിൽ അറിയിച്ചു. ബോയിങ്ങിന്റെ ഡ്രീം ലൈനർ 787 8 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |