മൂന്നാർ: രണ്ട് ദിവസത്തെ സന്ദർശനത്തിന് മൂന്നാറിലെത്തിയ ഗവർണർ
രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന് നേരെ സി.പി.ഐ- എ.ഐ.വൈ.എഫ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം . ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ മാട്ടുപ്പട്ടി സന്ദർശിച്ചതിന് ശേഷം താമസിച്ചിരുന്ന റിസോർട്ടിലേക്ക് മടങ്ങുന്നതിനിടെ മൂന്നാർ ഇക്കാനഗറിൽ വച്ചാണ് പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചത്.
റോഡിന്റെ ഇരുവശങ്ങളിൽ നിലയുറപ്പിച്ച പ്രവർത്തകർ ഗവർണറുടെ വാഹനവ്യൂഹത്തിന് നേരെ ഗോ ബാക്ക് വിളികളുമായി പാഞ്ഞെത്തുകയായിരുന്നു. പ്രതിഷേധക്കാരെ പിടിച്ച് മാറ്റാൻ പൊലീസ് ശ്രമിച്ചെങ്കിലും വാഹന വ്യൂഹം കടന്നു പോകും വഴിയിൽ പ്രവർത്തകർ കരിങ്കൊടികളുയർത്തി പ്രതിഷേധം തുടർന്നു. വാഹനം തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു. ഭാരതാംബ വിവാദത്തിൽ സി.പി.ഐ മന്ത്രിമാരും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവുമടക്കം ഗവർണർക്കെതിരേ കടുത്ത വിമർശനമുന്നയിച്ചതിന് പിന്നാലെയാണിത്.പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് ബുധൻ മുതൽ ഗവർണറുടെ വാഹന വ്യൂഹം കടന്നു പോയ ദേശീയപാതയിലടക്കം പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ച് പുഷ്പാർച്ചന നടത്തിയതിനെതിരെയാണ് പ്രതിഷേധം നടന്നത്.
ഭാരതീയ ഭാഷാ സംസ്‌കൃതി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ചിന്നക്കനാലിൽ നടന്ന സെമിനാറിൽ പങ്കെടുക്കാൻ ബുധനാഴ്ച വൈകിട്ടോടെയാണ് ഗവർണർ മൂന്നാറിലെത്തിയത്. ഇക്കാനഗറിലെ കെ.ടി.ഡി.സി റിസോർട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |