അഹമ്മദാബാദ്: ഇന്നലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്നുരാവിലെയാണ് അദ്ദേഹം സംഭവസ്ഥലത്തെത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ബായ് പട്ടേൽ, എയർ ഇന്ത്യയുടെ സിഇഒ, അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥർ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
അപകടസ്ഥലം സന്ദർശിച്ചശേഷം പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപ്രതികളിലും മോദി സന്ദർശനം നടത്തി. പരിക്കേറ്റവരെയും അവരുടെ ബന്ധുക്കളെയും അദ്ദേഹം ആശ്വസിപ്പിച്ചു. ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട രമേശ് വിശ്വാസിൽ നിന്ന് അദ്ദേഹം വിവരങ്ങൾ ചോദിച്ച് മനസിലാക്കി. മോദിയുടെ സാന്നിദ്ധ്യത്തിൽ ഉന്നതതല യോഗം ചേരുമെന്നാണ് റിപ്പോർട്ട്. ഇതിനുശേഷം വിമാനദുരന്തത്തിൽ മരിച്ച മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഭാര്യ അഞ്ജലി രൂപാണിയെയും അദ്ദേഹം കാണും.
Visited the crash site in Ahmedabad today. The scene of devastation is saddening. Met officials and teams working tirelessly in the aftermath. Our thoughts remain with those who lost their loved ones in this unimaginable tragedy. pic.twitter.com/R7PPGGo6Lj
— Narendra Modi (@narendramodi) June 13, 2025
ഇന്നലെ ഉണ്ടായ ദുരന്തത്തിൽ 294 പേർ മരണമടഞ്ഞെന്നാണ് റിപ്പോർട്ടുകൾ. 265 മൃതദേഹങ്ങൾ കണ്ടെത്തി. വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മെഡിക്കൽകോളേജ് ഹോസ്റ്റർ കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം തകർന്നുവീണത്. ഇവിടെയുണ്ടായിരുന്ന ചില വിദ്യാർത്ഥികളും അപകടത്തിൽ മരിച്ചിട്ടുണ്ട്.
മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്. അതിനാൽ അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ ഉടൻ ഡി എൻ എ സാമ്പിളുകൾ നൽകണമെന്ന് ഗുജറാത്ത് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുന്നൂറ് സാമ്പിളുകളാണ് ഇതുവരെ ലഭിച്ചത്.
അപകട കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടത്തിന് കാരണം വിമാനത്തിന്റെ രണ്ട് എൻജിനുകളിലും പക്ഷി ഇടിച്ചതാകാമെന്ന് സംശയിക്കുന്നതായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ( ഡിജിസിഎ) വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. എൻ ഡി ആർ എഫിന്റെ സ്‌പെഷ്യൽ സ്‌ക്വാഡ് സംഭവ സ്ഥലത്ത് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. വിമാനത്തിന്റെ ഒരു ബ്ലാക്ക് ബോക്സ് കണ്ടെത്തി. രണ്ടാമത്തേതിനായി തിരച്ചിൽ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |