അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ ആരും രക്ഷപ്പെട്ടില്ലെന്ന വാർത്ത പരക്കെ പ്രചരിച്ചപ്പോൾ ദുരന്തത്തിൽ നിന്നും ഒരാൾ അത്ഭുതകരമായി അതിജീവച്ചത് എല്ലാവരെയും അമ്പരപ്പിച്ചു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ (40) ആണ് ദുരന്തത്തിൽ രക്ഷപ്പെട്ട ഏക വ്യക്തി. സീറ്റ് നമ്പർ 11Aയിലെ യാത്രക്കാരനായിരുന്നു വിശ്വാസ് കുമാർ. ഗുജറാത്തിലെ ബന്ധുക്കളെ കണ്ട ശേഷം ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു.
ഇപ്പോഴിതാ ദുരന്തത്തിൽ അദ്ദേഹം എങ്ങനെ അതിജീവിച്ചു എന്നതിനെക്കുറിച്ചുള്ള ആദ്യ പ്രതികരണമാണ് പുറത്തു വന്നിരിക്കുന്നത്. 'ഞാൻ എങ്ങനെ രക്ഷപ്പെട്ടുവെന്ന് എനിക്കിപ്പോഴും ഓർമ്മയില്ല. ഞാൻ മരിക്കാൻ പോകുകയാണെന്ന് കരുതി. പക്ഷേ കണ്ണുതുറന്നപ്പോൾ ജീവിച്ചിരിപ്പുണ്ടെന്ന് മനസിലായതോടെ വേഗം സീറ്റ് ബെൽറ്റ് വലിച്ചൂരി എമർജൻസി എക്സിറ്റിലൂടെ പുറത്തേക്ക് കടന്നു. എന്റെ കൺമുന്നിൽ വച്ചാണ് എയർഹോസ്റ്റസുൾപ്പടെയുള്ളവർ മരിച്ചത്. ടേക്ക്-ഓഫിന് ഒരു മിനിറ്റിനുശേഷം വിമാനം കുലുങ്ങിയതായി തോന്നി. പിന്നീട് പച്ചയും വെള്ളയും നിറത്തിലുള്ള ലൈറ്റുകൾ തെളിഞ്ഞു. പൈലറ്റുമാർ വിമാനം ഉയർത്താൻ ശ്രമിച്ചെങ്കിലും കെട്ടിടത്തിലേക്ക് പതിക്കുകയായിരുന്നു'. അദ്ദേഹം പറഞ്ഞു.
ദുരന്തം നടക്കുന്നതിനിടയിൽ വീഡിയോ കോളിലൂടെ സഹോദരൻ നയൻ രമേശിനോട് സംസാരിച്ചുരുന്നുവെന്നും അപകടത്തിന് തൊട്ടുപിന്നാലെ പിതാവിനെ വിളിച്ചതായും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ശരീരത്തിലുടനീളം ഒന്നിലധികം പരിക്കുകളാണ് വിശ്വാസിനുണ്ടായിരുന്നത്. അപകടനില തരണം ചെയ്തിരിക്കുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ബെഡ് റെസ്റ്റിൽ തുടരാൻ ആശുപത്രി അധികൃതർ വിശ്വാസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസിനെ അഹമ്മദാബാദ് ആശുപത്രിയിൽ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |