ന്യൂഡൽഹി: രാജ്യം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാനാപകടമായിരുന്നു കഴിഞ്ഞദിവസം അഹമ്മദാബാദിലുണ്ടായത്. ഈ അപകടത്തിന് പിന്നാലെ നിർണായക തീരുമാനത്തിലേക്ക് കേന്ദ്ര സർക്കാർ കടക്കുന്നു എന്ന സൂചനകൾ ചില കേന്ദ്രങ്ങളിൽ നിന്നും വരുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ എല്ലാ ബോയിംഗ് ഡ്രീംലൈനർ 787-8 വിമാനങ്ങളും തിരികെ വിളിക്കാനാണ് കേന്ദ്രം ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. 'അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകും.' വിവിധ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.
സുരക്ഷാ പരിശോധനകൾക്കായാണ് അമേരിക്കൻ നിർമ്മിത വിമാനങ്ങളെ തിരികെ വിളിക്കുന്നതെന്നാണ് വിവിധ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. വിഷയത്തിൽ ഇന്ത്യയുടെയും അമേരിക്കയുടെയും ഏജൻസികൾ തമ്മിൽ സംസാരിക്കുന്നുണ്ട്. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് 1.30ഓടെയാണ് അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പറന്നുയർന്ന എഐ 171 എയർ ഇന്ത്യ വിമാനം പറന്നുയർന്ന ഉടനെ തകർന്നുവീണത്. 230 യാത്രക്കാരും 12 ജീവനക്കാരുമടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ബ്രിട്ടീഷ് പൗരനായ ഇന്ത്യൻ വംശജൻ മാത്രമാണ് രക്ഷപ്പെട്ടത്. വിമാനം തകർന്നുവീണ ആശുപത്രിയിലുള്ളവരടക്കം 290ലേറെ പേർ മരിച്ചതായാണ് വിവരം.
അപകടത്തിന്റെ ലഭ്യമായ ദൃശ്യങ്ങളനുസരിച്ച് വിമാനത്തിന്റെ രണ്ട് എഞ്ചിനുകൾക്കും പറന്നുയരാനാവശ്യമായ തള്ളൽ ബലം ലഭിക്കാത്തതോ പക്ഷികൾ വന്നിടിച്ചതോ ആകാം ദുരന്ത കാരണമെന്നാണ് കരുതുന്നത്.
അപകടത്തിൽപ്പെട്ട എയർ ഇന്ത്യാ വിമാനം പറന്നുയർന്ന ഉടൻ വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോളിലേക്ക് പൈലറ്റിന്റെ 'മേയ് ഡെ കാൾ' എത്തിയിരുന്നു. വിമാനം ഉയർത്താനാവശ്യമായ തള്ളൽ ലഭിക്കുന്നില്ലെന്ന വിവരമാണ് പൈലറ്റ് നൽകിയത്. എന്നാലതിന് ശേഷം കുറച്ചു നേരം നിശബ്ദതയായിരുന്നു. പിന്നാലെ വിമാനം നിയന്ത്രണം വിട്ട് കെട്ടിടത്തിന് മുകളിൽ വീണു. അപകട സാഹചര്യത്തിൽ പൈലറ്റുമാർ നൽകുന്ന സന്ദേശമാണ് മേയ്ഡേ കാൾ. 'എന്നെ സഹായിക്കൂ' എന്നർത്ഥം വരുന്ന മെയ്ഡർ എന്ന ഫ്രഞ്ച് പദത്തിൽ നിന്നാണ് മേയ്ഡെ എന്ന വാക്കുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |