'വിഴിഞ്ഞത്തിൽ അവകാശവാദം പറയുന്നവർ 1956ലെ രേഖ കാണണം'
തൃശൂർ: മുതലാളിത്ത ചൂഷണ വ്യവസ്ഥ നിലനിൽക്കുന്ന രാജ്യത്തെ പരിമിതികളും പ്രതിസന്ധികളും മറികടന്ന് നവകേരളം സൃഷ്ടിക്കാനുള്ള പോരാട്ടം എങ്ങനെയാകണമെന്നത് ചർച്ച ചെയ്യണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. തൃശൂർ റീജ്യണൽ തിയറ്ററിൽ കോസ്റ്റ്‌ഫോർഡും പുരോഗമന സംഘടനകളും ചേർന്ന് സംഘടിപ്പിച്ച 27-ാം ഇ.എം.എസ് സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് അവകാശവാദം പലരും ഉയർത്തുന്നുണ്ട്. ഐക്യകേരളത്തിന് മുൻപ് തൃശൂരിൽ ചേർന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ കൺവെൻഷനിൽ ഇ.എം.എസ് രൂപപ്പെടുത്തിയ രേഖ വായിച്ചാൽ വിഴിഞ്ഞം ആരുടെ സ്വപ്നമാണെന്ന് വ്യക്തമാകും. കേരളം രൂപീകരിച്ചിട്ട് 70 വർഷം തികയുന്ന 2026ൽ ഒരു തിരിഞ്ഞുനോട്ടം ആവശ്യമുണ്ടെന്നും ബേബി പറഞ്ഞു. ലോകത്തെ നാലാം ശക്തിയാകുന്നുവെന്ന് അവകാശപ്പെടുമ്പോൾ 83 കോടി ജനങ്ങളുടെ പട്ടിണി മാറ്റാൻ സൗജന്യ നിരക്കിൽ ഭക്ഷണം വിളമ്പുന്ന പദ്ധതി ഒരുക്കുകയാണിവിടെ. 140 കോടിയിൽ 83 കോടി പേർ പട്ടിണിയിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ പദ്ധതിയെന്നും ബേബി വിശദീകരിച്ചു.പ്രകൃതി ദുരന്തമുണ്ടായപ്പോൾ ഗൾഫിൽ നിന്നും സഹായം സ്വീകരിക്കേണ്ടെന്ന് പറഞ്ഞ കേന്ദ്രം മഹാരാഷ്ട്രയിൽ മറ്റൊരു നിലപാടാണ് സ്വീകരിച്ചത്. കേരളത്തെ പകയോടെ കാണുന്ന കേന്ദ്രസമീപനം വൃത്തികെട്ടതാണെന്നും ബേബി കുറ്റപ്പെടുത്തി. അഹമ്മദാബാദിൽ വിമാന അപകടത്തിൽ കൊല്ലപ്പെട്ടവർക്കും അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച ഇ.എം.എസ് സ്മൃതിയിൽ സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ അദ്ധ്യക്ഷനായി. മാറുന്ന ലോകവും കേരളവും എന്ന വിഷയത്തിൽ സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് മുഖ്യപ്രഭാഷണം നടത്തി. ഉദ്ഘാടനച്ചടങ്ങിൽ പോളിറ്റ് ബ്യൂറോ അംഗം യു. വാസുകി, മന്ത്രി ഡോ. ആർ. ബിന്ദു, ഇ.എം.എസിന്റെ മകൾ ഇ.എം. രാധ എന്നിവർ പങ്കെടുത്തു.
ഇന്ന്
ഇ.എം.എസ് സ്മൃതിയിൽ ഇന്ന് രാവിലെ 9.45ന് പ്രഭാത് പട്‌നായിക്, എ. വിജയരാഘവൻ എന്നിവർ പ്രഭാഷണം നടത്തും. ഉച്ചയ്ക്കശേഷം രണ്ടരയ്ക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ഡോ. പി. സുനിൽ പി. ഇളയിടം എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |