തിരുവനന്തപുരം: യു.ഡി.എഫ് വിപുലീകരണവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷമേ സാദ്ധ്യതയുള്ളൂ. യു.ഡി.എഫ് വിട്ട് ഇടതുപക്ഷത്തു ചേക്കേറിയ മാണിഗ്രൂപ്പ് കേരള കോൺഗ്രസ് തിരിച്ചെത്തിയേക്കുമെന്നാണ് അഭ്യൂഹം . നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ഇക്കാര്യത്തിൽ നിർണായകമാണ്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വിപുലപ്പെടുത്തി കരുത്തു കൂട്ടണമെന്ന അഭിപ്രായം ചിലർ പ്രകടിപ്പിച്ചെങ്കിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം മതിയെന്ന നിലപാടുമുണ്ട്. ഒരിക്കൽ കൂടി നിയമസഭയിലെ പ്രതിപക്ഷ ബഞ്ചിൽ ഒതുങ്ങാൻ മിക്ക കക്ഷികൾക്കും താത്പര്യമില്ല. ആരും പ്രതീക്ഷിക്കാത്തവിധം യു.ഡി.എഫ് വിപുലപ്പെടും എന്നൊരു സൂചന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നൽകിയിരുന്നു. വെറുതെ കക്ഷികളുടെ എണ്ണം കൂട്ടാനല്ല, സ്വാധീനശക്തിയുള്ള കക്ഷിയെ കൂടെകൂട്ടാനാണ് താല്പര്യം.
യു.ഡി.എഫിൽ ഔദ്യോഗിക ചർച്ചകൾ തുടങ്ങിയിട്ടില്ല. കോൺഗ്രസും ലീഗും ഉൾപ്പെടെയുള്ള പ്രധാന കക്ഷികൾ ഇടതു പക്ഷത്തിന് തുടർഭരണം ഉണ്ടാവരുതെന്ന വാശിയിലാണ്. കോൺഗ്രസിലെ മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തി ധാരണയിലെത്തിയശേഷം ഘടകക്ഷികളുടെ മനോവികാരം കൂടി മനസിലാക്കി വിപുലീകരണ ചർച്ചകൾ സജീവമാക്കിയാൽ മതിയെന്ന അഭിപ്രായം യു.ഡി.എഫ് കൺവീനർ അടക്കം പങ്കുവയ്ക്കുന്നുണ്ട്. നിലമ്പൂരിൽ വിജയം നേടാനായാൽ അടുത്ത തിരഞ്ഞെടുപ്പുകളുടെ സൂചകമായി അത് മാറുമെന്നും ഇടതുപക്ഷത്തെ അസംതൃപ്തിയുള്ള ചിലരെ ആകർഷിക്കാൻ കഴിയുമെന്നും കണക്ക് കൂട്ടുന്നു. നിലമ്പൂരിൽ പിഴച്ചാൽ കടന്നുവരാൻ മിക്കവരും മടിക്കുമെന്ന യാഥാർത്ഥ്യവുമുണ്ട്. ഉപതിരഞ്ഞെടുപ്പിന് തുടക്കത്തിൽ വലിയ പ്രാധാന്യം കൽപ്പിക്കാതിരുന്ന ഇടതു മുന്നണി , പിന്നീട് അതീവ ഗൗരവത്തിലേക്ക് മാറിയതും എം.സ്വരാജിനെ സ്ഥാനാർത്ഥിയാക്കിയതും ഇതൊക്കെ മുന്നിൽ കണ്ടാണ്. എട്ടു കക്ഷികളാണ് യു.ഡി.എഫിലുള്ളത്. ആർ.എം.പി ഉൾപ്പെടെയുള്ളവർ ഘടക കക്ഷികളല്ലാതെ പുറമെ നിന്ന് പിന്തുണയ്ക്കുകയാണ്.
യു.ഡി.എഫിലെ കക്ഷികൾ
കോൺഗ്രസ്, മുസ്ലീം ലീഗ്, കേരള കോൺഗ്രസ് (ജോസഫ് ) , കേരള കോൺഗ്രസ്(ജേക്കബ്), ആർ.എസ്.പി, സി.എം.പി , ഫോർവേഡ് ബ്ളോക്ക്, നാഷണലിസ്റ്റ് കോൺഗ്രസ് കേരള ( മാണി സി.കാപ്പൻ) .
``വിപുലീകരണ നടപടികൾ പരിഗണനയിലാണ്. മുതിർന്ന നേതാക്കളും ഘടകക്ഷികളുമായും ആലോചിച്ചേ തീരുമാനമെടുക്കൂ``
-അടൂർ പ്രകാശ്
യു.ഡി.എഫ് കൺവീനർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |