ഹരിപ്പാട് : സൈനികന്റെ വീട് കുത്തിത്തുറന്ന് 16 പവനും 2500രൂപയും കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. കൊല്ലം കൊട്ടാരക്കര ചെമ്മങ്ങനാട് ഷെഫീഖ് മൻസിലിൽ റഫീഖിനെ (സതീഷ്-45) തിരുവനന്തപുരം ബീമാപ്പള്ളി ഭാഗത്തു നിന്നാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. 80 ഓളം മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ മേയ് 26നാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
ജൂൺ 6ന് രാത്രിയിലാണ്
സൈനികനായ കുമാരപുരം താമല്ലാക്കൽ കാർത്തികയിൽ ബിജുവിന്റെ വീട്ടിൽ മോഷണം നടന്നത്. ബന്ധുവീട്ടിൽ പോയിരുന്ന വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
ഇവിടെ മോഷണം നടത്തുന്നതിന് മുമ്പ് കരുവാറ്റയിലെ ഒരു വീട്ടിൽ കയറി ഷെഡിന്റെ പൂട്ട് പൊളിച്ച് കമ്പിപ്പാര, പിക്കാസ് എന്നിവ
കൈക്കലാക്കി. ഇവിടെ നിന്നുമെടുത്ത തോർത്ത് തലയിൽ കെട്ടിയും തൂവാല മുഖത്ത് കെട്ടിയുമാണ് മോഷണത്തിന് ഇറങ്ങിയത്. ഈ വീടിന്റെ മുൻവശമുള്ള ബേക്കറിയുടെ പൂട്ട് പിക്കാസ് ഉപയോഗിച്ച് കുത്തിത്തുറന്ന് ഇവിടെനിന്ന് ബിസ്‌കറ്റും സോഡയും സി.സി.ടിവിയുടെ ഡി.വി.ആറും മോഷ്ടിച്ചു. അതിന് ശേഷം മറ്റൊരു വീട്ടിൽ നിന്നും കമ്പിപ്പാരയും വെട്ടുകത്തിയും എടുത്ത് പോസ്റ്റിലെ ഫ്യൂസ് ഊരി മാറ്റിയ ശേഷം സൈനികന്റെ വീടിന്റെ മതിൽ ചാടിക്കടന്ന് അടുക്ക വശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും എടുത്ത ശേഷം കടന്നുകളഞ്ഞു. ജില്ലാ പൊലീസ് മേധാവി എം.പി.മോഹന ചന്ദ്രന്റെ നിർദേശാനുസരണം കായംകുളം ഡിവൈ.എസ്.പി ബാബുക്കുട്ടൻ, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പങ്കജാക്ഷൻ എന്നിവരുടെ ചുമതലയിൽ ഹരിപ്പാട് സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. എസ്.ഐമാരായ ശ്രീകുമാർ, ഷൈജ, ആദർശ്, സുജിത്ത്, എ.എസ്.ഐ സംഗീത, എസ്.സി.പി.ഒ രേഖ, സി.പി.ഒമാരായ നിഷാദ്, സജാദ്, ഡാൻസാഫ് അംഗങ്ങളായ മണിക്കുട്ടൻ, ഷാജഹാൻ, ഇയാസ്, ദീപക് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
11 ജില്ലകളിലും കേസുകൾ
മോഷണം നടന്ന വീടിന്റെ സമീപത്തുള്ളതും ദേശീയപാതയ്ക്ക് സമീപമുള്ളതുമായ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മുഖം മറച്ചിരുന്നതിനാൽ വസ്ത്രത്തിന്റെ നിറംവച്ച് നടത്തിയ അന്വേഷണത്തിൽ ബേക്കറിയിലും സൈനികന്റെ വീട്ടിലും മോഷണം നടത്തിയത് ഒരാൾ തന്നെയെന്ന് മനസിലാക്കി. എന്നാൽ ദേശീയപാതയിലെ ദൃശ്യങ്ങളിൽ ഈ വസ്ത്രം ധരിച്ച ആളെ കണ്ടെത്താൻ കഴിയാതിരുന്നത് അന്വേഷണത്തെ ബാധിച്ചു. തുടർന്ന് മോഷണസമയത്ത് കൈവശമുണ്ടായിരുന്ന ബാഗ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ റഫീഖിനെ തിരിച്ചറിഞ്ഞു. കൂടുതൽ ചോദ്യംചെയ്തതിൽ ജൂൺ 11ന് കരുവാറ്റയിലെ ഗുരുമന്ദിരത്തിന്റെ കാണിക്കവഞ്ചി പൊട്ടിച്ചു സ്വർണ്ണത്തകിടും 9000 രൂപയും മോഷ്ടിച്ചത് ഉൾപ്പടെയുള്ളവ പ്രതി സമ്മതിച്ചു. കേരളത്തിൽ മൂന്ന് ജില്ലകളിൽ ഒഴിച്ച് എല്ലാ ജില്ലകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |