വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ വിമാനാപകടം ഉണ്ടായത്. ദുരന്തത്തിൽ പത്തനംതിട്ട സ്വദേശിനിയും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും അടക്കം 294 പേരാണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് അപകടത്തെക്കുറിച്ച് ഒരാൾ പ്രവചിച്ചിരുന്നതായി സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു. വിഷയത്തിൽ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ജോത്സ്യൻ ഹരി പത്തനാപുരം.
'വിമാനാപകടമുണ്ടായ അന്ന് വൈകുന്നേരം എനിക്കൊരാൾ ഒരു സ്‌ക്രീൻഷോട്ട് അയച്ചിരുന്നു. ഇതുനോക്കൂ, ഞെട്ടിപ്പിക്കുന്നൊരു പ്രവചനമാണെന്ന് അയാൾ പറഞ്ഞു. ആലി കൊണ്ടോട്ടിയെന്ന് പറയുന്നൊരു അക്കൗണ്ട്, ഫേക്ക് ഐഡിയാണെന്നാണ് എനിക്ക് തോന്നുന്നത്. ഫേക്ക് ഐഡിയാണെങ്കിലും അതിനുപിന്നിൽ ഒരു മനുഷ്യനുണ്ടല്ലോ. അദ്ദേഹത്തിന്റെ മൂന്ന് ദിവസം മുമ്പുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടാണ് ഒരാൾ അയച്ചത്.
ആ സ്‌ക്രീൻഷോട്ടിൽ പ്രഡിക്ഷൻ എന്ന് മുകളിൽ എഴുതിയിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ ഒരു വിമാനാപകടം നടക്കും, ഒരാൾ രക്ഷപ്പെടുമെന്നായിരുന്നു താഴെ എഴുതിയത്. പഴയ ഏതോ വിമാനാപകടത്തിന്റെ ചിത്രവും കൊടുത്തിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഇങ്ങനെ പ്രവചിക്കാൻ പറ്റുമോയെന്ന് തോന്നി.
ഒരു വർഷത്തിനുള്ളിൽ വിമാനാപകടമുണ്ടാകുമെന്ന് പറയാം. ഒരു വർഷത്തിനുള്ളിൽ ഭൂകമ്പമോ പ്രളയോ ഉണ്ടാകുമെന്നും പറയാം. എന്നാൽ മൂന്ന് ദിവസത്തിനുള്ളിൽ എന്നൊക്കെ പറയുമ്പോൾ. മറ്റേതാണെങ്കിൽ ഒരു വർഷത്തിനുള്ളിൽ എന്തെങ്കിലുമൊക്കെ നടക്കുമെന്ന് പറയാം. പക്ഷേ കൃത്യമായി ഇങ്ങനെ പറയാൻ ലോകത്താർക്കും പറ്റത്തില്ല.
ആ സമയത്ത് എന്റെ മനസ് വാട്സാപ്പ് അമ്മാവൻ യൂണിവേഴ്സിറ്റി ആയിപ്പോയി എന്നതാണ്. പിന്നീടാണ് അതിന്റെ എഡിറ്റിംഗ് ഹിസ്റ്ററി കണ്ടത്. എന്ത് ക്രൂരതയാണ് കാണിച്ചത്. മുമ്പിട്ട ഒരു പോസ്റ്റിനെ വിമാനാപകടമുണ്ടായ ശേഷം എഡിറ്റ് ചെയ്തതാണ്. ശരിക്കും ഒരു വൈകൃതമാണ്. ചെയ്യാൻ പാടില്ലാത്തതാണ്. ഇങ്ങനെയൊരു സമയത്തല്ല ഇത്തരം തമാശകൾ കാണിക്കേണ്ടത്.'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |