ചിറയിൻകീഴ്: ഒരു ജനതയുടെ കാത്തിരിപ്പിനും പരിഭവങ്ങൾക്കും പരിഹാരമായി ചിറയിൻകീഴ് ഓവർബ്രിഡ്ജ് നിർമ്മാണം അന്തിമഘട്ടത്തിലേക്ക്. ജൂലായ് അവസാനത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് പറഞ്ഞായിരുന്നു 2021 ജനുവരിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. വിവിധ കാരണങ്ങളാൽ നിർമ്മാണ പ്രവൃത്തികൾ ഇഴഞ്ഞും നിറുത്തിവച്ചും മെല്ലെപ്പോക്ക് നയം തുടർന്നു. ഇതിനിടയിൽ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും മുറവിളിയുമൊക്കെ ഉണ്ടായി. അവയ്ക്കെല്ലാം അറുതി വരുത്തിയാണ് പാലം നിർമ്മാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നത്. 25 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണ മേൽനോട്ടം റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനാണ്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് മുൻവശത്തു നിന്ന് ആരംഭിച്ച് പണ്ടകശാലയിൽ അവസാനിക്കുന്ന 600 മീറ്റർ നീളത്തിലാണ് ഓവർബ്രിഡ്ജ്.
നിർമ്മാണച്ചെലവ് -25 കോടി രൂപ
യാതനയുടെ നാൾവഴികൾ
പാലം നിർമ്മാണം ആരംഭിച്ചതു മുതൽ ചിറയിൻകീഴ് - കടയ്ക്കാവൂർ റൂട്ടിലെ വാഹനങ്ങൾ വലിയകട - ശാർക്കര - പണ്ടകശാല വഴിയാണ് തിരിച്ചുവിടുന്നത്. ഇടുങ്ങിയ ഈ റോഡുകളിൽ കൂടുതൽ വാഹനങ്ങൾ എത്തിയതോടെ യാത്രാദുരിതം ഇരട്ടിയായി. പ്രത്യേകിച്ചും ശാർക്കര റെയിൽവേ ഗേറ്റിൽ. ഗേറ്റ് കടക്കേണ്ട വാഹനങ്ങളും ഗേറ്റ് കടക്കാതെ ബൈപ്പാസ് വഴി പോകേണ്ട വാഹനങ്ങളും ട്രാഫിക്ക് നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ തോന്നിയപടി സഞ്ചരിച്ചും പാർക്ക് ചെയ്തും ഗതാഗതക്കുരുക്കിന്റെ ഊരാക്കുടുക്കുകൾ സൃഷ്ടിച്ചു. അതുകൊണ്ടുതന്നെ റോഡൊന്ന് മുറിച്ചുകടക്കാൻ നല്ലൊരു സമയം വേണ്ടിവരും.
മേൽപ്പാല നിർമ്മാണം
ഓവർബ്രിഡ്ജിന്റെ നടപ്പാത നിർമ്മാണം, സൈഡ് വാൾ നിർമ്മാണം എന്നിവ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. ഓവർബ്രിഡ്ജിന്റെ പണ്ടകശാല ഭാഗത്തെ പില്ലറുകൾ റെയിൽവേ ലൈന് മുകളിലുള്ള പാലവുമായി ബന്ധിപ്പിക്കലിന്റെ അവസാനഘട്ട ജോലികൾ നടക്കുകയാണ്. പാലം,അപ്പ്രോച്ച് റോഡ് എന്നിവയുടെ ആദ്യഘട്ട ടാറിംഗ് പൂർത്തിയായി. പാലത്തിൽ ലൈറ്റ്,അടിവശത്തെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ എന്നിവ പുരോഗമിക്കാനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |