27ാം ഇ.എം.എസ് സ്മൃതി സമാപിച്ചു
തൃശൂർ: പ്രാദേശിക ഭരണകൂടങ്ങളായും ജാതിവിഭാഗങ്ങളായും ചിതറിക്കിടന്ന കേരളത്തെ ഐക്യകേരളമാക്കിയത് കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളിലൂടെയാണെന്ന് ഡോ. സുനിൽ പി. ഇളയിടം. അതിന്റെ മൂർത്തരൂപമാണ് ഇ.എം.എസ് രചിച്ച കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകം. തൃശൂർ റീജ്യണൽ തിയേറ്ററിൽ നടന്ന 27-ാം ഇ.എം.എസ് സ്മൃതിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഐക്യകേരളത്തെ എതിർത്തവരിൽ തിരുവിതാംകൂറിലേയും മലബാറിലേയും പ്രമുഖരുമുണ്ടായിരുന്നു. ജാതി ജന്മി നാടുവാഴി മേധാവിത്വ വ്യവസ്ഥയ്‌ക്കെതിരെ പോരാടിയാണ് ഐക്യകേരളം സൃഷ്ടിച്ചത്. ആധുനിക കേരള രൂപീകരണ പ്രക്രിയയുടെ ഭാഗമായി കുടുംബ സംവിധാനത്തിൽ വന്ന മാറ്റം വിപ്ലവകരമാണെന്നും അദ്ദേഹം പറഞ്ഞു.
നവോത്ഥാന ആശയങ്ങളുടെ സ്വാംശീകരണം ഇരുപതാം നൂറ്റാണ്ടിൽ കുടുംബഘടനയ്ക്കുള്ളിലുണ്ടായി. എന്നാൽ ഇന്ന് മതനിരപേക്ഷയ്ക്ക് എതിരായ ശക്തികളുടെ ഒളിത്താവളങ്ങളായി കുടുംബങ്ങൾ മാറുന്നുണ്ട്. മതനിരപേക്ഷ പുരോഗമന ഈടുവയ്പുകൾ നിലനിറുത്തുന്നതിന് ജാഗ്രത വേണമെന്നും സുനിൽ പി. ഇളയിടം പറഞ്ഞു.
ഇ.എം.എസ് സ്മൃതി സമാപന സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം യു.പി. ജോസഫ് അദ്ധ്യക്ഷനായി. കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി ടി.കെ. വാസു,സി.പി.എം തൃശൂർ ഏരിയ സെക്രട്ടറി അനൂപ് ഡേവീസ് കാട് എന്നിവർ സംസാരിച്ചു.
സംസ്ഥാനം ഏറ്റെടുത്ത വികസനം മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ സംസ്ഥാനത്ത് ഭരണഘടന അനുവദിക്കുന്ന മാർഗങ്ങളിലൂടെ ധനസമാഹരണം നടത്താൻ കേന്ദ്രം അനുവദിക്കണം. ചരക്ക് സേവന നികുതി സമ്പ്രദായം നിലവിൽ വന്നതോടെ സംസ്ഥാനങ്ങൾക്ക് സ്വന്തം വരുമാനം കണ്ടെത്താനുള്ള സ്വാതന്ത്ര്യം ഇല്ലാതായി.ഡോ. ഡി. ഷൈജൻ
തീവ്രകാലാവസ്ഥ പ്രതിഭാസങ്ങൾ മുതലാളിത്ത ഉപഭോഗ ക്രമത്തിന്റെ സൃഷ്ടിയാണ്. 1860നുശേഷം ഉണ്ടായ വ്യവസായ വിപ്ലവത്തിന്റെ ഫലമായാണ് ഫോസിൽ ഇന്ധനങ്ങളുടെ വർദ്ധിച്ച ഉപയോഗവും തൻമൂലമുള്ള ഹരിതഗൃഹ വാതകങ്ങളുടെ ഉൽസർജനവും കാലാവസ്ഥാവ്യതിയാനത്തിന് ആക്കം കൂട്ടിയത്.ഡോ. എസ്. അഭിലാഷ്, കൊച്ചിൻ സർവ്വകലാശാല
അഡ്വാൻസ്ഡ് സെന്റർ ഫൊർ അറ്റ്‌മോസ്ഫിയറിക്
റഡാർ റിസേർച്ച് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |