കോഴിക്കോട്: ആശുപത്രികൾക്ക് മുൻപിലെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പുകൾക്ക് വിട. ജില്ലയിൽ ഇതുവരെ 68 ആതുരാലയങ്ങൾ ഇ ഹെൽത്തിലേക്ക് മാറി. മൂന്ന് മെഡിക്കൽ കോളേജുകൾ (ചെസ്റ്റ് ആശുപത്രി,മാതൃശിശു സംരക്ഷണ കേന്ദ്രം, മെഡിക്കൽ കോളേജ്), രണ്ട് ജില്ല ജനറൽ ആശുപത്രികൾ, ഏഴ് താലൂക്ക് ആശുപത്രികൾ, ഏഴ് പ്രൈമറി ഹെൽത്ത് സെന്റർ, 43 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, അഞ്ച് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, ഒരു സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവിടങ്ങളിലാണ് ഇ ഹെൽത്ത് നടപ്പിലാക്കിയത്. സംസ്ഥാനത്ത് ഡയറക്ട്രേറ്റ് ഒഫ് ഹെൽത്ത് സർവീസ്, ഡയറക്ട്രേറ്റ് ഒഫ് മെഡിക്കൽ എഡ്യുക്കേഷൻ എന്നിവയുടെ കീഴിലുള്ള 1400 ആശുപത്രികളിലാണ് ഇ ഹെൽത്ത് സംവിധാനം ഒരുങ്ങുന്നത്.
പെർമനന്റ് യു.എച്ച്.ഐ.ഡി. കാർഡുള്ളത് 28% പേർക്ക്
ജില്ലയിൽ ഇതുവരെ 90,56,761 പേർ ഇ ഹെൽത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 25,28,759 (27.92%) ആളുകൾക്കാണ് പെർമനന്റ് യു.എച്ച്.ഐ.ഡി. കാർഡുള്ളത്. ഇതുവഴി 1,57,01,278 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. 27,11,761 പ്രീ ചെക്കപ്പ്, 74,76,933 ഡയഗ്നോസിസ്, 62,80, 963 പ്രിസ്‌ക്രിപ്ഷൻ, 10,57,734 ലാബ് പരിശോധനകൾ എന്നിവയും ഇ ഹെൽത്തിലൂടെ നടത്തി.
ഇ ഹെൽത്ത്
2016 ലാണ് ഐ.ടി മിഷനുമായി ചേർന്ന് കേരള ആരോഗ്യവകുപ്പ് പദ്ധതി ആരംഭിച്ചത്. ആധാർ കാർഡ്, മൊബൈൽ ഫോൺ എന്നിവയിലൂടെ പെർമനന്റ് രജിസ്ട്രേഷൻ നടത്തി യു.എച്ച്.ഐ.ഡി കാർഡ് ലഭിക്കുന്നതോടെ ഓൺലൈൻ വഴി നിശ്ചിത സമയത്ത് ഡോക്ടറുടെ സേവനം ലഭ്യമാകും. ഒ.പി ടിക്കറ്റ് ബുക്കിംഗ്, ഡിജിറ്റൽ മെഡിക്കൽ റെക്കാഡുകൾ ലഭ്യമാക്കൽ, ലാബ് പരിശോധനാഫലങ്ങൾ ഡോക്ടർക്ക് നേരിട്ട് ലഭ്യമാക്കൽ തുടങ്ങിയവ എളുപ്പത്തിലാകും. കേരളത്തിലെ ഏത് സർക്കാർ ആശുപത്രിയിൽ നിന്നും ചികിത്സയുടെയും ടെസ്റ്റുകളുടെയും വിവരം ലഭിക്കും. പെർമനന്റ് കാർഡുകൾ ഉപയോഗിച്ചാൽ മാത്രമേ ഈ വിവരങ്ങൾ ലഭിക്കു.
മെഡി.കോളേജിൽ നാളെ മുതൽ ഓൺലെെൻ ഒ.പി
ഇ ഹെൽത്ത് പദ്ധതിയിലൂടെ 16 മുതൽ ഒ.പി ടിക്കറ്റുകൾ ഓൺലൈനായി ലഭ്യമായിത്തുടങ്ങും. ഓൺലൈനായി രജിസ്റ്റർ ചെയ്ത് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ഒ.പി യിൽ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറിലെത്തി രജിസ്റ്റർ ചെയ്യുമ്പോൾ ലഭിച്ച ക്യൂ.ആർ കോഡ്, നമ്പർ കൗണ്ടറിൽ കാണിച്ച് ഒ.പി ടിക്കറ്റെടുക്കാം. തുടർന്ന് ഡോക്‌ടറെ കാണാം. എം.സി.എച്ചിൽ മാത്രമാണ് നിലവിൽ ഓൺലെെൻ ഒപി സംവിധാനമൊരുങ്ങുന്നത്. മെഡിസിൻ, സർജറി, എല്ലുരോഗ വിഭാഗം, ഒഫ്താൽമോളജി, ഇ.എൻ.ടി, ത്വക്ക് രോഗ വിഭാഗം എന്നിവിടങ്ങളി ലേക്കുള്ള ഒ.പി ടിക്കറ്റാണ് ലഭിക്കുക. സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിൽ രോഗികൾ വരി നിന്ന് ഒപി ടിക്കറ്റ് എടുക്കണം.ആശുപത്രി മൊത്തം പദ്ധതിക്ക് കീഴിലാക്കാനുള്ള പ്രവൃത്തികൾ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |