കൊല്ലം: മണ്ണ് ലേലം ചെയ്യാനുള്ള നടപടി രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയായില്ലെങ്കിൽ ജില്ലാ ആശുപത്രിയിലെ ഹൈടെക് സമുച്ചയത്തിന്റെ പൈലിംഗ് സ്തംഭിക്കും. പൈൽ ചെയ്തെടുത്ത മണ്ണ് നിർമ്മാണം നടുക്കുന്ന സ്ഥലത്ത് രണ്ടുനില കെട്ടിടത്തിന്റെ ഉയരത്തിൽ കുന്നുകൂടിയിരിക്കുകയാണ്.
നാൽപ്പതോളം തൊഴിലാളികളാണ് പൈലിംഗ് ജോലിയിലുള്ളത്. ഇതിന് പുറമേ 25000 രൂപ ദിവസ വാടകയുള്ള യന്ത്രങ്ങളും ഉപയോഗിക്കുന്നു. ഒരു ദിവസം പൈലിംഗ് നിലച്ചാൽ കരാർ കമ്പനിക്ക് ലക്ഷങ്ങൾ നഷ്ടമാണ്. അതുകൊണ്ട് തന്നെ തൊഴിലാളികൾക്കൊപ്പം യന്ത്രങ്ങളും ഇവിടെ നിന്ന് പിൻവലിക്കാൻ സാദ്ധ്യതയുണ്ട്.
കഴിഞ്ഞ ജനുവരിയിലാണ് കെട്ടിട സമുച്ചയത്തിന്റെ ഭാഗമായ വാർഡ് ടവറിന്റെ പൈലിംഗ് തുടങ്ങിയത്. മണ്ണ് സംഭരിക്കാൻ ഇടമുണ്ടായിരുന്നെങ്കിൽ നാലുമാസം കൊണ്ട് പൈലിംഗ് പൂർത്തിയാകുമായിരുന്നു.
വാർഡ് ടവറിന് ആകെ 104 പൈലുകളാണുള്ളത്. ഇതിൽ അറുപതോളം മാത്രമാണ് ഇതുവരെ പൂർത്തിയായത്. ഓരോ സ്ഥലത്തും പൈലിംഗ് നടക്കുമ്പോൾ കുന്നുകൂടുന്ന മണ്ണ് മറ്റൊരിടത്തേക്ക് മാറ്റിയ ശേഷമാണ് അടുത്ത ഘട്ടത്തിലെ പൈലിംഗ് ആരംഭിക്കുന്നത്. ഇതിനായി ദിവസങ്ങൾ നഷ്ടമാകുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ മൂന്ന് മാസം കൊണ്ടേ വാർഡ് ടവറിന്റെ പൈലിംഗ് പൂർത്തിയാകൂ.
മണ്ണ് ലേലത്തിന് നടപടിയില്ല
ഒന്നര വർഷം മുമ്പ് നിർമ്മാണത്തിനുള്ള കരാർ ഒപ്പിട്ടത് മുതൽ മണ്ണ് സംഭരിക്കാനുള്ള ഇടം ഒരുക്കാൻ ജില്ലാ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നതാണ്. ആദ്യം സംഭരിക്കാനുള്ള ഇടം സജ്ജമാക്കാനായിരുന്നു തീരുമാനം. പിന്നീട് ലേലം ചെയ്യാൻ തീരുമാനിച്ചെങ്കിലും നടപടികൾ അനന്തമായി നീളുകയാണ്.
.....................................
കരാറൊപ്പിട്ടത് ഒന്നര വർഷം മുമ്പ്
നിർമ്മാണ കരാർ ₹ 132 കോടി
എസ്റ്റിമേറ്ര് ₹ 142 കോടി
കരാർ കാലാവധി - 44 മാസം
ആകെ പൈലുകൾ - 158
എസ്റ്റിമേറ്റ് തുക ₹ 142 കോടി
കെട്ടിടനിർമ്മാണ കരാർ ₹ 132 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |