മലപ്പുറം: നിലമ്പൂരിലെ പെട്ടി വിവാദത്തിൽ കോൺഗ്രസ് നേതാക്കളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പരാതി നൽകിയില്ല. പരാതി ലഭിക്കാത്തതിനാൽ പൊലീസും കേസെടുത്തിട്ടില്ല. പരിശോധനയിൽ ഉദ്യോഗസ്ഥരുമായി സംസാരിച്ചതിനുശേഷം നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഷാഫി പറമ്പിൽ എം.പി, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് എന്നിവർ സഞ്ചരിച്ച കാർ വെള്ളിയാഴ്ച രാത്രി പത്തിന് വടപുറത്ത് വച്ച് പൊലീസ് തടയുകയും പരിശോധന നടത്തുകയുമായിരുന്നു. ഷാഫി പറമ്പിലിന്റെ കാറിലായിരുന്നു നേതാക്കൾ യാത്ര ചെയ്തിരുന്നത്. വാഹനത്തിൽ നിന്ന് പെട്ടി താഴെയിറക്കി പരിശോധിച്ചു. പെട്ടിയിൽ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. സി.പി.എം നേതാക്കളുടെ വാഹനങ്ങൾ പരിശോധിക്കാത്ത പൊലീസ് കോൺഗ്രസുകാരെ മാത്രം ലക്ഷ്യം വയ്ക്കുന്നത് ആസൂത്രിതമാണെന്നാണ് കോൺഗ്രസ് ആരോപിച്ചത്.
പൊട്ടിമുളച്ചിട്ട് എം.എൽ.എയും എം.പിയുമായതല്ലെന്നും ഇതൊക്കെ കണ്ടിട്ടാണ് വരുന്നതെന്നും ഉദ്യോഗസ്ഥരോട് ഷാഫി പറമ്പിൽ പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സി.പി.എമ്മിന്റെ പണി ചെയ്യുകയാണെങ്കിൽ അത് ചെയ്താൽ മതിയെന്നും സർവീസിനുള്ള പാരിതോഷികം തരാം, ഓർത്ത് വച്ചോ എന്നും ഉദ്യോഗസ്ഥരോട് രാഹുൽ കയർക്കുന്നതും ദൃശ്യങ്ങളിൽ കേൾക്കാം. അതേസമയം, അനാവശ്യ വിവാദങ്ങൾ ഉന്നയിച്ച് തിരഞ്ഞെടുപ്പിനെ വഴിതിരിച്ച് വിടുകയാണെന്നും സി.പി.എം നേതാക്കളുടെ വാഹനങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും സി.പി.എം വാദിക്കുന്നു. തിരഞ്ഞെടുപ്പ് സമയത്ത് പൊലീസ് പരിശോധന സ്വഭാവികമാണെന്നാണ് ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജ് പ്രതികരിച്ചത്. സംഭവത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ നിയമപരമായി നേരിടട്ടേയെന്നും സ്വരാജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |