നിലമ്പൂർ: മണ്ഡലരൂപീകരണത്തിന്റെ ആറാം പതിറ്റാണ്ട് പിന്നിടുന്ന വർഷമാണ് നിലമ്പൂരിൽ ഇത്. പി വി അൻവർ രാജിവച്ച ഒഴിവിലേക്ക് നടന്ന ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പിലൂടെ സഭയിലേക്ക് വീണ്ടും ആര്യാടൻ ജയിച്ച് കയറിവരികയാണ്. നിലമ്പൂരിന്റെ ചരിത്രത്തിൽ ഏറ്റവുമധികം കാലം ജനപ്രതിനിധിയായിരുന്ന ആര്യാടൻ മുഹമ്മദിന്റെ മകൻ ഷൗക്കത്ത് തന്റെ രണ്ടാമത് മത്സരത്തിൽ നിലമ്പൂരിൽ വിജയിച്ചിരിക്കുകയാണ്.
പിതാവ് ജീവിച്ചിരുന്ന കാലത്ത് 2016ൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വിജയിക്കാനാകാത്തത് വലിയ വിഷമം അദ്ദേഹത്തിനുണ്ടാക്കി.അന്ന് ഇടത് സ്വതന്ത്രനായ പിവി അൻവറിനോട് 11504 വോട്ടുകൾക്കാണ് ഷൗക്കത്ത് പരാജയപ്പെട്ടത്. എന്നാൽ ഇത്തവണ 11417 വോട്ടുകൾക്ക് ഷൗക്കത്ത് മിന്നുന്ന വിജയം നേടിയപ്പോൾ അതുകാണാൻ പിതാവില്ല എന്ന ദുഃഖവും അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ ഒൻപത് വർഷത്തോളമായി അൻവറിലൂടെ ഇടതുപക്ഷവും പ്രത്യേകിച്ച് സിപിഎമ്മും കൈവശം വച്ച നിലമ്പൂർ മണ്ഡലത്തിൽ സിപിഎം സംസ്ഥാന സമിതിയംഗം സ്ഥാനാർത്ഥിയായിട്ടും അവർക്ക് പിടിച്ചുനിർത്താനായില്ല എന്ന വലിയ നാണക്കേട് ഉണ്ടായിരിക്കുകയാണ്.
ഷൗക്കത്തിന്റെ പതിനൊന്നായിരം കടന്ന ഭൂരിപക്ഷവും രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട പി വി അൻവറിന് ലഭിച്ച 19,946 എന്ന വമ്പൻ വോട്ട്‌വിഹിതവും ചേരുമ്പോൾ 30000 ലധികം വോട്ടുകൾ ഇടതുപക്ഷത്തിനെതിരെ വന്നിരിക്കുകയാണ്. നിലമ്പൂരിൽ ഭരണവിരുദ്ധ വികാരമാണെന്നത് വ്യക്തം.
മണ്ഡലം രൂപീകരിച്ച 1965 മുതൽ 1969 വരെ രണ്ട് തവണകളിലായി കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ കെ. കുഞ്ഞാലിയാണ് ഇവിടെ നിന്നും ജനപ്രതിനിധിയായത്. ഏറനാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർത്താൻ മുന്നിൽ നിന്ന കുഞ്ഞാലി 1969ൽ വെടിയേറ്റ് മരണമടഞ്ഞു. പിന്നീട് 1970ൽ നടന്ന തിരഞ്ഞെടുപ്പിൽ മണ്ഡലം എം പി ഗംഗാധരനിലൂടെ ആദ്യമായി കോൺഗ്രസിന് ലഭിച്ചു. പിന്നീട് അടിയന്തരാവസ്ഥയ്‌ക്ക് ശേഷം നടന്ന 1977ലെ തിരഞ്ഞെടുപ്പിൽ ആദ്യമായി ആര്യാടൻ മുഹമ്മദ് ഇവിടെ നിന്നും നിയമസഭയിലെത്തി. 7715 വോട്ടുകൾക്ക് സിപിഎമ്മിന്റെ കെ സൈദാലിക്കുട്ടിയെ തോൽപ്പിച്ചാണ് ആര്യാടൻ കന്നി വിജയം നേടിയത്.
1980ൽ വീണ്ടും ആര്യാടൻ ജയിച്ചു. എന്നാൽ 1982ലെ ഏഴാം നിയമസഭാ തിരഞ്ഞെടുപ്പിൽ കരുത്തനായ ടി കെ ഹംസയിലൂടെ സിപിഎം മണ്ഡലത്തിൽ വീണ്ടും വിജയിച്ചു. പിന്നീട് 1987 മുതൽ 2016ലെ തിരഞ്ഞെടുപ്പ് വരെ ആര്യാടൻ തന്നെയാണ് മണ്ഡലത്തിൽ നിന്നും വിജയിച്ചത്. അതിലൂടെ കോൺഗ്രസിന്റെ ശക്തമായ വേരോട്ടമുള്ള മണ്ഡലം എന്ന വിശ്വാസമാർജ്ജിച്ച നിലമ്പൂർ 2016ലാണ് പി വി അൻവറിനെ നിർത്തി ഇടതുപക്ഷം പിടിച്ചെടുത്തത്.
ആദ്യതവണ 11000ലധികം വോട്ടുകൾക്കാണ് ജയിച്ചതെങ്കിൽ രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ 2021 തിരഞ്ഞെടുപ്പിൽ അൻവർ 2700 വോട്ടുകൾക്ക് മാത്രമാണ് വിജയിച്ചത്. ഇത്തവണ യുഡിഎഫിനായി ആര്യാടൻ ഷൗക്കത്ത് സീറ്റുനേടുമ്പോൾ കഴിഞ്ഞ രണ്ട് തവണയായി ഇടതുപക്ഷം മണ്ഡലത്തിൽ നേടിയ വിജയത്തിന്റെ പ്രഭയെല്ലാം മങ്ങിപ്പോയി.
പിണറായിസത്തിനെതിരായാണ് തന്റെ പ്രവർത്തനം എന്ന് പ്രഖ്യാപിച്ച് പി വി അൻവർ തിരഞ്ഞെടുപ്പിനെ നേരിട്ടതിനെ ശക്തമായി നേരിടാം എന്ന് കരുതിയെങ്കിലും സിപിഎം സംസ്ഥാന സമിതിയംഗമായ എം സ്വരാജിന് നിലമ്പൂരിൽ സ്വന്തം ബൂത്തിൽ പോലും മുന്നിൽ എത്താനാകാതെ പിന്നിലാകേണ്ട അവസ്ഥയുണ്ടായി. നാൽപത് വോട്ടുകൾക്കാണ് സ്വന്തം ബൂത്തിൽ സ്വരാജ് പിന്നിലായത്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ പ്രവർത്തിക്കാൻ കോൺഗ്രസിന് ഇതൊരു ഊർജ്ജമാണ്. ഇടതുപക്ഷത്തിന് നഷ്‌ടമായ പ്രതാപം വീണ്ടെടുക്കാൻ വഴിയെന്തെന്ന് ആലോചിക്കാനുള്ള അവസരവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |