കണ്ണൂർ: യു.ജി.സി.യുടെ കീഴിലുള്ള കോളേജ് ഗുണപരിശോധനാ കമ്മിറ്റിയായ നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ പ്ലസ് ഗ്രേഡ് നേടി കണ്ണൂർ ശ്രീനാരായണ കോളേജ്. മുൻവർഷങ്ങളിൽ ലഭിച്ച എ ഗ്രേഡ് മെച്ചപ്പെടുത്തിയാണ് കോളേജ് ഈ നേട്ടത്തിലെത്തിയത്.
അക്കാഡമിക മികവുകൾ, പശ്ചാത്തല സൗകര്യം, പഠനോപകരണങ്ങളുടെ ലഭ്യത, ഹരിത കാമ്പസ്, ആധുനിക ലൈബ്രറി, അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ, അദ്ധ്യാപക രക്ഷാകർതൃ സമിതി, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ, എൻ.എസ്.എസ്, എൻ.സി.സി, കോളജ് വിദ്യാർത്ഥി യൂണിയൻ തുടങ്ങിയ മേഖലകളിലെ മികവുറ്റ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അംഗീകാരം നൽകിയത്. ഉത്തരമലബാറിൽ എ ഗ്രേഡ് നേടിയ ആദ്യ കോളേജ് കൂടിയാണിത്. കഴിഞ്ഞ വർഷത്തെ എൻ.ഐ.ആർ.എഫ് റാങ്കിംഗിലും കോളേജ് മികച്ച നിലവാരം പുലർത്തിയിരുന്നു.
2,100ഓളം വിദ്യാർത്ഥികളുടെ ഉന്നതവിഭ്യാസത്തിന് ഉതകുന്ന മികച്ച അക്കാഡമിക സൗക്യവും പഠനനിലവാരവും ഇപ്പോൾ കോളജിനുണ്ട്. കണ്ണൂർ സർവകലാശാല തലത്തിൽ മിക്ക വിഷയങ്ങളിലും റാങ്ക് നേടുകയും കായിക മേഖലയിൽ കഴിഞ്ഞ ഇരുപത്തിരണ്ടു വർഷമായി തുടർച്ചയായി ജിമ്മിജോർജ് ട്രോഫി നിലനിർത്തുകയും സർവകലാശാല യുവജനോത്സവത്തിൽ മികച്ച സ്ഥാനം നേടുന്നുമുണ്ട്.
പതിമൂന്ന് ബിരുദ കോഴ്സുകളും ആറ് ബിരുദാനന്തര കോഴ്സുകളും നാല് പിഎച്ച്.ഡി പ്രോഗ്രാമുകൾക്കും ഒപ്പം ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി സ്റ്റേഡി സെന്ററിൽ നടത്തുന്ന അമ്പതോളം പ്രോഗ്രാമുകളും കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ പഠന പരിപാടികളും കോളേജിലുണ്ട്. ആധുനികരീതിയിൽ സജ്ജമാക്കിയ സെമിനാർ ഹാളുകൾ, സോളാർ പവർ സിസ്റ്റം, തുമ്പൂർമുഴി മാലിന്യ സംസ്‌കരണ പദ്ധതി, ബയോഗ്യാസ് പ്ലാന്റുകൾ തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങളുമുണ്ട്.
പ്രൊഫസർ പൊന്നാഡെ വെങ്കിട്ട റാവു, പ്രൊഫസർ സഹർ അഹമദ്‌ചാറ്റ്, ഡോ. നന്ദകിഷോർ ഠാക്കറെ എന്നിവർ അടങ്ങിയ നാക് സംഘമാണ് ഓൺ ലൈനായി പരിശോധന നടത്തിയത്. മാനേജ്‌മെന്റ് പ്രതിനിധികളായ എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജയദേവൻ, ട്രസ്റ്റ് ഗവേഷക കോർഡിനേറ്റർ ഡോ. രവീന്ദ്രൻ, ട്രസ്റ്റ് നിർവാഹകസമിതിയംഗം അരയാക്കണ്ടി സന്തോഷ് എന്നിവർ നേട്ടത്തിൽ ആശംസയറിയിച്ചു.
പാഠ്യപദ്ധതി, പഠന നിലവാരങ്ങൾ, ഗവേഷണ പ്രവർത്തനം, വിദ്യാർത്ഥി പിന്തുണ, മാനേജ്മെന്റ്, ഭരണസംവിധാനങ്ങൾ, സാമൂഹിക ഉത്തരവാദിത്വം ഇവയൊക്കെ വിലയിരുത്തിയാണ് കോളേജ് ഈ അഭിമാന നേട്ടത്തിലേക്ക് കുതിച്ചുയർന്നത്. ഡോ. കെ.പി. പ്രശാന്ത്, കോളേജ് പ്രിൻസിപ്പാൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |