കൊച്ചി: ജൈവ ഉത്പന്നങ്ങളിൽ വ്യാജന്മാരുടെ കടന്നുകയറ്റം ഓർഗാനിക് ഷോപ്പുകളുടെ നിലനിൽപ്പിനെ ബാധിക്കുന്നു. കീടനാശിനിയും രാസവളങ്ങളും ഉപയോഗിച്ച് ഉത്പാദിക്കുന്ന പച്ചക്കറി ഉൾപ്പെടെയുള്ളവ ജൈവമെന്ന ലേബലിൽ എത്തിയതോടെ ഉപഭോക്താക്കൾ ഓർഗാനിക് ഷോപ്പുകളെ ഒഴിവാക്കുകയാണ്. ഇവ തിരിച്ചറിയാൻ മാർഗമില്ലാത്തതാണ് പ്രധാന വെല്ലുവിളി.
കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ സർട്ടിഫിക്കേഷനുള്ള ഓർഗാനിക് ഷോപ്പുകൾ ഏറെയുള്ളത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ്. ജൈവകർഷക കൂട്ടായ്മകളുടെ ആഴ്ചച്ചന്തകളും ഹോൾട്ടിക്കൾച്ചറൽ സൊസൈറ്റികളുടെ ഓർഗാനിക് ഷോപ്പുകളുമുണ്ട്.
സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുന്നുണ്ടെങ്കിലും പൂർണമായും വ്യാജന്മാരെ തടയാനാവുന്നില്ല. അതേസമയം, വലിയ ബ്രാൻഡുകളുടെ ഓർഗാനിക് ഉത്പന്നങ്ങളിൽ കാര്യമായ രാസസാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ല.
കീടനാശിനി സാന്നിദ്ധ്യം
തിരുവനന്തപുരം കാർഷിക കോളേജിലെ സയന്റിസ്റ്റ് ഡോ.അമ്പിളിയുടെ നേതൃത്വത്തിൽ ഓപ്പൺ, ഓർഗാനിക്, ഫാം വിഭാഗങ്ങളിൽ നിന്ന് ശേഖരിച്ച 497 സാമ്പിളുകൾ പരിശോധിച്ചതിൽ 5.6ശതമാനത്തിൽ കീടനാശിനി കണ്ടെത്തിയതിൽ ഏറ്റവും കൂടുതൽ ജൈവ ഉത്പന്നങ്ങളിലാണ്.
ചിഹ്നം നോക്കി തിരിച്ചറിയാം
2017ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് (ഓർഗാനിക് ഫുഡ്സ്) റെഗുലേഷൻസ് ജൈവ ഉത്പന്നങ്ങൾക്ക് (പഴം, പച്ചക്കറി ഒഴികെ) ഓർഗാനിക് സർട്ടിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്
പൂർണമായും ഓർഗാനിക് കൃഷിയുള്ള ഫാമിലെ ഉത്പന്നങ്ങൾക്കായി കേന്ദ്ര കാർഷിക മന്ത്രാലയം ചുമതലപ്പെടുത്തിയ പി.ജി.എസ്- ഇന്ത്യ സർട്ടിഫൈ ചെയ്യുന്ന ഗ്രീൻ ലോഗോയുണ്ടാകും
എന്താണ് ജൈവകൃഷി?
രാസവളങ്ങളും, രാസ കീടനാശിനികളും തീർത്തും ഒഴിവാക്കി ജൈവ കീടനാശിനികൾ, കമ്പോസ്റ്ര്, പച്ചില വളങ്ങൾ എന്നിവ ഉപയോഗിച്ചുള്ള കൃഷി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |