തൃശൂർ: ജില്ലയിൽ കഴിഞ്ഞ വർഷം ഡെങ്കി, എലിപ്പനി, എച്ച്.വൺ എൻ.വൺ ബാധിച്ച് മരിച്ചത് 76 പേർ. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് തൃശൂർ. 2162 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിൽ 17 പേർ മരിച്ചിരുന്നു. 7371 പേർക്ക് രോഗലക്ഷണങ്ങളും കണ്ടെത്തി. എച്ച്.വൺ എൻ.വൺ ബാധിച്ച് 18 പേർക്കും ജീവൻ നഷ്ടപ്പെട്ടു. മലേറിയ, ഹെപ്പറ്റൈറ്റിസ് എ, പേ വിഷബാധ,വെസ്റ്റ് നൈൽ, ചിക്കൻപോക്‌സ്, ചെള്ളുപനി തുടങ്ങിയ രോഗങ്ങൾ പിടിപെട്ടും ജില്ലയിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 2023 ൽ 1165 പേർക്ക് ചിക്കൻ പോക്സ് പിടിപ്പെട്ടെങ്കിലും മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ കഴിഞ്ഞ വർഷം 2619 പേർക്കാണ് രോഗം പിടിപെട്ടത്. രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. അമീബിക്, ഷിഗെല്ല, എം.പോക്സ്, കോളറ, ഹെപ്പറ്റൈറ്റിസ്.ബി,സി,ഇ തുടങ്ങിയ രോഗങ്ങളും കഴിഞ്ഞ വർഷം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്കിൽ പറയുന്നു. ഡെങ്കി,എലിപ്പനി രോഗങ്ങൾ മൺസൂൺ കാലയളവിലാണ് കൂടുതൽ പേർക്ക് പിടിപെട്ടതും മരണം സംഭവിച്ചതും. 2,18,665 പേർ പനിബാധിച്ച് ചികിത്സതേടിയെത്തിയെങ്കിലും ഒരു മരണമാണ് റിപ്പോർട്ട് ചെയ്തത്.
എലിപ്പനി മരണം കൂടുതൽ തൃശൂരിൽ
2023 നെ അപേക്ഷിച്ച് എലിപ്പനി മരണത്തിൽ വലിയ വർദ്ധനവാണ് ജില്ലയിൽ. സംസ്ഥാനത്ത് കഴിഞ്ഞ വർഷം കൂടുതൽ പേർ എലിപ്പനി ബാധിച്ച് മരിച്ചത് തൃശൂരിലാണ്. 2023 ൽ എലിപ്പനി ബാധിച്ച് 26 പേരാണ് ജില്ലയിൽ മരിച്ചതെങ്കിൽ കഴിഞ്ഞ വർഷം ഇത് 41 ആയി ഉയർന്നു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 33 പേർ വീതം മരണപ്പെട്ടപ്പോൾ മലപ്പുറത്ത് 24 പേരും എറണാകുളത്ത് 21 പേരും മരണമടഞ്ഞിരുന്നു. 413 പേർക്കാണ് എലിപ്പനി ബാധിച്ചത്. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ശക്തമായ ബോധവത്ക്കരണ പ്രവർത്തനം നടക്കുമ്പോഴും മരണ സംഖ്യ ഉയർന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു.
രോഗം പിടിപ്പെട്ടവരുടെ
എണ്ണവും മരണ നിരക്കും
ഡെങ്കി 2162 - 17
ഡെങ്കി സംശയം7371- 2
മലേറിയ 114- 1
എലിപ്പനി413- 41
ഹെപ്പറ്റൈറ്റീസ് എ. 337- 5
ഭക്ഷ്യവിഷബാധ 277- 1
എച്ച്.വൺ എൻ.വൺ 1441- 18
പേ വിഷബാധ 1 - 1
വെസ്റ്റ് നൈൽ 1- 1
ചിക്കൻപോക്‌സ് 2619- 2
പനി 2,18,665 - 1
വയറിക്കം 51989- 0
ചെള്ളുപനി 3- 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |