മലപ്പുറം:രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിൽ രണ്ടാഴ്ചനീണ്ടു നിന്ന കാടിളക്കിയ പ്രചാരണ കോലാഹലങ്ങൾക്കും, ചേരി തിരിഞ്ഞുള്ള അങ്കംവെട്ടിനും നാളെ വിട.ബുധനാഴ്ച നിശബ്ദ പ്രചാരണം.പിറ്റേന്ന് നിലമ്പൂർ ബൂത്തിലേക്ക്.കൊട്ടിക്കലാശത്തിന് രണ്ട് നാൾ ശേഷിക്കെ,ഇന്നലെ നിലമ്പൂർ സാക്ഷ്യം വഹിച്ചത്സ്ഥാനാർത്ഥികൾക്കൊപ്പം മുൻനിര നേതാക്കളുടെയും അണികളുടെയും വാശിയേറിയഓട്ട പ്രദക്ഷിണത്തിനാണ്.മുഖ്യമന്ത്രി പിണറായി വിജയനും,എ.ഐ.സി.സി ജനറൽസെക്രട്ടറി പ്രിയങ്ക ഗാന്ധിയും,മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും,തൂണമൂൽ കോൺഗ്രസ്
എം.പിയുമായ യൂസഫ് പഠാനും അവസാന റൗണ്ട് പ്രചാരണത്തിന് കൊഴുപ്പും ആവേശവുംപകർന്നു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.സ്വരാജിനായി ഇന്നലെയും കളത്തിലിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനും,കേൾക്കാനും കനത്ത മഴയെപ്പോലും അവഗണിച്ച് ജനസാഗരം എത്തിച്ചേർന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യ പൂർണമായും പാലസ്തീന് ഒപ്പമായിരുന്നുവെന്നും,ഇറാന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ അപലപിക്കാൻ
പോലും ഇന്നത്തെ കേന്ദ്ര സർക്കാർ തയാറാവുന്നില്ലെന്നും മുഖ്യമന്ത്രി എൽ.ഡി.എഫ് പോത്തുകല്ല് പഞ്ചായത്ത് റാലിയിൽ പറഞ്ഞു. ബി.ജെ.പിയും ആർ.എസ്.എസും ഇസ്രയേലിലെ സയണിസ്റ്റിന്റെ ഇരട്ടയാണെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിലെ വന്യജീവി ആക്രമണം തടയുന്നതിലുള്ള സംസ്ഥാന സർക്കാരിന്റെ വീഴ്ചയെയും, സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ പ്രവർത്തകർ മാസങ്ങളായി നടത്തി വരുന്നസമരം ഒത്തുതീർക്കാൻ സർക്കാർ തയാറാകാത്തതിനെയുമാണ് യു.ഡി.എഫ് റാലിയിൽപ്രിയങ്കാ ഗാന്ധി മുഖ്യമായും വിമർശിച്ചത്. ജനങ്ങളുടെ ജീവനും ജീവനോപാധിയും രാഷ്ട്രീയവത്ക്കരിച്ച് കൂടാ. സംസ്ഥാനത്ത് മാറ്റം കൊണ്ടു വരണം.അതിനുള്ള വലിയ സന്ദേശമായി ഉപ തിരഞ്ഞെടുപ്പ് പലം മാറണമെന്നും പ്രിയങ്ക പറഞ്ഞു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവറിനെ ജനങ്ങൾ മാൻ ഒഫ് ദ മാച്ചാക്കുമെന്ന് യൂസഫ് പഠാൻ പറഞ്ഞു. തൃണമൂൽ കോൺഗ്രസിന് കേരളത്തിൽ ചലനങ്ങളുണ്ടാക്കാനാവും. അൻവർ ജനങ്ങൾക്കായി പ്രവർത്തിക്കുന്ന നേതാവാണ്. കായിക മുന്നേറ്റങ്ങൾക്കുള്ള പ്രാഥമിക വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടപ്പാക്കുന്നതിനെക്കുറിച്ച് അൻവർ ചർച്ച ചെയ്തതായും യൂസഫ് പഠാൻ പറഞ്ഞു. അൻവറിനൊപ്പം റോഡ് ഷോയിലും വഴിക്കടവിലെ പൊതുയോഗത്തിലും അദ്ദേഹം സംസാരിച്ചു.
വെള്ളാപ്പള്ളിയുടെ മലപ്പുറം
പരാമർശം ചർച്ചയാവും:
തുഷാർ വെള്ളാപ്പള്ളി
നിലമ്പൂർ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശം രാഷ്ട്രീയകേരളം ചർച്ച ചെയ്യുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജിന്റെ പ്രചാരണത്തിന്റെ ഭാഗമായി വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളിൽ നടന്ന ബി.ഡി.ജെ.എസ് കുടുംബ സംഗമങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗ്ഗീയതയും മത കൂട്ടായ്മയും ഇല്ലാത്തവരും ദേശീയതയും ഭരണഘടനയും സംരക്ഷിക്കുന്നവരുമായിരിക്കണം മലപ്പുറം ഭരിക്കേണ്ടതെന്നാണ് വെള്ളാപ്പള്ളി പറഞ്ഞതിന്റെ സാരാംശം. എന്നാൽ വൈകാരികമായി ലീഗുകാർ ഇത് ഏറ്റുപിടിച്ചു.
യൂസഫ് പഠാൻഅൻവറിനായി
നിലമ്പൂരിൽ മലപ്പുറം: നിരവധി ക്രിക്കറ്റ് മത്സരങ്ങളിൽ രാജ്യത്തിന് അഭിമാനമായി മാറിയ യൂസഫ് പഠാൻ നിലമ്പൂരിലെ കുഞ്ഞു ടർഫിൽ വീണ്ടും ഗ്ലൗസണിഞ്ഞു. തുടർന്ന്, ബാറ്റെടുത്ത് പഴയ ആവേശത്തോടെ കളിക്കളത്തിലേക്ക്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി.വി.അൻവറിന്റെ പ്രചാരണത്തിനെത്തിയതായിരുന്നു തൃണമൂൽ കോൺഗ്രസ് എം.പിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസഫ് പഠാൻ.പ്രചാരണത്തിനിടെ മീഡിയ സ്പോർട്സ് ടർഫിലെത്തിയ പഠാൻ കുട്ടികളുമായി ഏതാനും സമയം ക്രിക്കറ്റിനെക്കുറിച്ച് സംസാരിച്ചു. പിന്നീട് ഗ്ലൗസ് ധരിച്ച് കളത്തിലിറങ്ങിയപ്പോൾ കുട്ടികൾക്കും ഹരമായി. പലരും കൂടെ കളിക്കാൻ ആവേശം കൊണ്ട് ചാടിയിറങ്ങി.
തലങ്ങും വിലങ്ങും പന്ത് പായിക്കുന്നതിനിടെ നിലമ്പൂരുകാരൻ ആഷിം, പഠാന്റെ വിക്കറ്റ് തെറിപ്പിച്ചു. ഇടയ്ക്ക് പി.വി.അൻവറും കളത്തിലിറങ്ങി. കുട്ടികളുമൊത്ത് 20 മിനിറ്റോളം ക്രിക്കറ്റ് കളിച്ചാണ് പഠാൻ മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |