ഇന്നും റെഡ് അലർട്
കോഴിക്കോട്: പെരുമഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ. നഗരത്തിലും മലയോരമേഖലകളിലുമുൾപ്പെടെ രാവിലെ മുതൽ വ്യാപകമഴയാണ് പെയ്തത്. കാവിലുംപാറ, കുറ്റ്യാടി, വിലങ്ങാട്, മരുതോങ്കര ഭാഗങ്ങളിൽ മഴ കനത്തോടെ ജനവാസമേഖലകളും ഭീഷണിയിലാണ്. തൊട്ടിൽപാലം പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. പൂനൂർ, കുന്ദമംഗലം, കുറ്റ്യാടി, വാണിമേൽ പുഴകളിലെല്ലാം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. എരഞ്ഞിപ്പാലത്ത് ശക്തമായ കാറ്റിൽ ഡിവെെഡറുകൾ മറിഞ്ഞ് വീണ് ഗതാഗത തടസമുണ്ടായി. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും നിർദേശമുണ്ട്. താഴ്ന്ന പ്രദേശങ്ങളിലടക്കമുള്ള ഭൂരിഭാഗം റോഡുകളിലും ദേശീയപാതയുടെ സർവീസ് റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിന് മുന്നിലും മുതലക്കുളത്തും വെള്ളക്കെട്ട് രൂക്ഷമാണ്.
കാണാതായെന്ന് സംശയം
ചാത്തമംഗലം പുഴക്കോട് നരസിംഹമൂർത്തി ക്ഷേത്രത്തിനടുത്ത് ചെറുപുഴയിൽ വൃദ്ധനെ കാണാതായി. കൂഴക്കോട് കച്ചിക്കോളി വീട്ടിൽ മാധവൻ നായരെ (81)യാണ് കാണാതായത്. ക്ഷീര കർഷകനായ മാധവൻ നായരെ പുലർച്ചെ മുതൽ കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ച് ഇറങ്ങിയിരുന്നു. അടുത്തുള്ള പുഴക്കടവിൽ ഉപേക്ഷിച്ച നിലയിൽ കുടയും ചെരിപ്പും കണ്ടെത്തി. മുക്കം, വെള്ളിമാടുകുന്ന് ഫയർഫോഴ്സ് യുണിറ്റുകളുടെയും കുന്ദമംഗലം പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് തെരച്ചിൽ തുടരും.
വിലങ്ങാട്ട് കനത്ത മഴ: ജലനിരപ്പ് ഉയർന്നു, പാലം മുങ്ങി
വിലങ്ങാട്: ശനിയാഴ്ച രാത്രി വിലങ്ങാട്ട് തുടങ്ങിയ കനത്ത മഴയിൽ വിലങ്ങാട് ടൗണിലെ പാലം മുങ്ങി. ഇന്നലെ രാവിലെയാണ് മുങ്ങിയത്. ഇതോടെ ഇരുകരകളിലേക്കും ഗതാഗതവും തടസപ്പെട്ടു. എന്നാൽ മഴ അൽപ്പം കുറഞ്ഞതോടെ പാലത്തിൽ നിന്നും വെള്ളമിറങ്ങി. അതേസമയം കനത്ത കുത്തൊഴുക്കിൽ വായാട് പാലം ഭാഗികമായി തകർന്നു. മലമുകളിൽ നിന്ന് ചെളിയും കല്ലും മറ്റും നിറഞ്ഞ് ശക്തമായ കുത്തൊഴുക്കിലാണ് വെള്ളമെത്തുന്നത്. മഴ ശക്തമായതോടെ ഉരുൾപൊട്ടൽ ഭീതിയുള്ള സ്ഥലങ്ങളിലുള്ളവർ ബന്ധുവീടുകളിലേക്കും വാടക വീടുകളിലേക്കും മാറിത്തുടങ്ങി.
മരം പൊട്ടിവീണു
കൊയിലാണ്ടി: ഒറ്റ കണ്ടത്തിൽ മരം പൊട്ടി വീണ് ഗതാഗതം സ്തംഭിച്ചു. ഇന്നലെ വൈകുന്നേരമാണ് പൊട്ടി വീണത്.
കൊയിലാണ്ടി അഗ്നിരക്ഷാ സേന എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |