നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ജയിപ്പിച്ചാൽ നിലമ്പൂരിനായി ഏഴ് മാസത്തിനുള്ളിൽ മൂന്ന് സുപ്രധാന പദ്ധതികൾ നടപ്പിലാക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.മോഹൻ ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയായ 'വികസിത നിലമ്പൂർ രൂപരേഖ' പ്രകാശനം മാന്ത്രികൻ ആർ.കെ.മലയത്തിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാതയുടെ നിർമ്മാണം ആരംഭിക്കും. നിലമ്പൂർ ജില്ലാ ആശുപത്രി കാൻസർ സ്‌പെഷ്യാലിറ്റി സെന്ററാക്കി ഉയർത്തും. കാലിക്കറ്റ്-നിലമ്പൂർ-ഗൂഡല്ലൂർ ഹൈവേ നാലുവരിപ്പാതയാക്കി വികസിപ്പിക്കും. ഇനിയുള്ള ഏഴ് മാസങ്ങൾ കൊണ്ട് പദ്ധതികൾ ആരംഭിക്കും. ഇത് എൽ.ഡി.എഫും യു.ഡി.എഫും നൽകുന്നത് പോലെയുള്ള പൊള്ളയായ വാഗ്ദാനങ്ങളല്ലെന്നും 11 വർഷത്തെ പ്രവർത്തന മികവിന്റെ രാാഷ്ട്രീയത്തിലൂടെ തെളിയിക്കപ്പെട്ടതാണ്. ജമാഅത്തെ ഇസ്ലാമിയും പി.ഡി.പിയും ശക്തി പ്രാപിച്ചാൽ ഈ നാടിനാണ് അപകടമെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഗിരീഷ് മേക്കാട് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബി.ജെ.പി നേതാക്കളായ പി.കെ.കൃഷ്ണദാസ്, എ.എൻ. രാധാകൃഷ്ണൻ, ബി.ഡി.ജെ.എസ് നേതാക്കളായ അഡ്വ.സിനിൽ മുണ്ടപ്പള്ളി, അഡ്വ.പി.എസ്.ജ്യോതിഷ് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |