പെരുങ്കടവിള: ആളൊഴിഞ്ഞ വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളനെ നാട്ടുകാർ പിടികൂടി.പെരുങ്കടവിള ആലത്തൂർ യക്ഷിഅമ്മൻ ക്ഷേത്രത്തിന് പിറകിൽ വിജയകുമാറിന്റെ 'സ്വസ്ഥി' എന്ന വീട്ടിലായിരുന്നു മോഷണശ്രമം.തിങ്കളാഴ്ച പുലർച്ചെ 3ഓടെയായിരുന്നു സംഭവം.
ഹൈക്കോടതി ജീവനക്കാരൻ വിജയകുമാറും,വണ്ടാനം മെഡിക്കൽ കോളേജ് ജീവനക്കാരിയായ ഭാര്യ ആശയും ആഴ്ചയിലൊരിക്കലേ വീട്ടിലെത്താറുള്ളൂ.ഇതറിയാവുന്ന അയൽവാസിയായ അമ്പനാട് മേലേ പുത്തൻവീട്ടിൽ റോബിൻസണാണ് മോഷ്ടിക്കാൻ കയറിയത്.
ചാക്കിൽ പഴയതുണികളുമായി എത്തിയ റോബിൻസൺ, വിജയകുമാറിന്റെ വീടിന്റെ പിൻവാതിലിന് കീഴിലായി തുണി കൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു.വാതിൽ പകുതി കത്തിയപ്പോൾ, അതുവഴി അകത്തേയ്ക്ക് കടന്ന് പാര ഉപയോഗിച്ച് മൂന്ന് വാതിലുകൾ കുത്തിത്തുറന്നു.മോഷണത്തിനായി ഉപയോഗിച്ച ഹെഡ്ലൈറ്റിന്റെ പ്രകാശമാണ് ഇയാളെ കുടുക്കിയത്.ആളില്ലാത്ത വീടിനുള്ളിൽ വെളിച്ചം കണ്ട സമീപവാസികൾ സംഘടിച്ച് ഇയാളെ പിടികൂടുകയായിരുന്നു. മോഷ്ടാവിനെ നാട്ടുകാർ മാരായമുട്ടം പൊലീസിന് കൈമാറി.വീട്ടിൽ ചാരായം വാറ്റിയ കേസിൽ ഇയാളെ മാരായമുട്ടം പൊലീസ് മുൻപ് പിടികൂടിയിട്ടുണ്ട്. പ്രദേശത്ത് വർദ്ധിച്ചു വരുന്ന മോഷണങ്ങൾക്ക് പിന്നിൽ റോബിൻസനാണെന്നാണ് നാട്ടുകാരുടെ സംശയം.മാരായമുട്ടം പൊലീസ് കേസെടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |