തൃശൂർ: അയ്യന്തോളിലേക്കുള്ള മോഡൽ റോഡിൽ വൻ കുഴികൾ. തൃശൂരിന്റെ അഭിമാന റോഡിൽ പടിഞ്ഞാറേകോട്ടയ്ക്ക് സമീപം കുഴികളിൽ ഇരുചക്രവാഹന യാത്രക്കാർ വീഴാതിരിക്കുന്നത് ഭാഗ്യംകൊണ്ടു മാത്രമാണ്. മഴ പെയ്തതോടെയാണ് കുഴികൾ വലുതായത്. പൂങ്കുന്നം ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ വാഹനങ്ങൾ കൂടുതലും അയ്യന്തോൾ വഴിയാണ് പോകുന്നത്. വലിയ വാഹനങ്ങളുൾപ്പെടെ ഇതുവഴി കടന്നുപോകാൻ തുടങ്ങിയതോടെയാണ് മോഡൽ റോഡും തകരാൻ തുടങ്ങിയിരിക്കുന്നത്. കളക്ടറും ഉന്നത ഉദ്യോഗസ്ഥരും നിരന്തരം യാത്ര ചെയ്യുന്ന റോഡിലെ കുഴികളടയ്ക്കാൻ ഇനിയും ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല.
അയ്യന്തോളിലൂടെ പുഴയ്ക്കലിലേക്ക് കയറുന്ന റോഡും തകർന്ന നിലയിലാണ്. ലുലു ജംഗ്ഷനിൽ കുഴികളിൽ വീഴാതിരിക്കാൻ വച്ചിരിക്കുന്ന ബാരിക്കേഡുകളും തെറിപ്പിച്ചാണ് വാഹനങ്ങൾ പോകുന്നത്. വൻ ഗർത്തങ്ങളിൽ വീഴാതിരിക്കാനാണ് ബാരിക്കേഡുകൾ വച്ചിരിക്കുന്നത്. രാത്രിയിൽ ഇതുവഴി വരുന്ന ഇരുചക്രവാഹനക്കാർ കുഴികളിൽ വീണാൽ അപകടമുണ്ടാകുമെന്നതിൽ സംശയമില്ല. ഇതിനകം തന്നെ പലരും ഈ കുഴികളിൽ വീണ് അപകടം ഉണ്ടായതിനെ തുടർന്നാണ് ബാരിക്കേഡുകൾ കുഴികൾക്ക് മുമ്പിൽ വച്ചത്. പുഴയ്ക്കൽ റോഡിൽ കുരുക്ക് മുറുകുന്നതോടെ കുന്നംകുളം ഭാഗത്തു നിന്ന് വരുന്നവർ അയ്യന്തോൾ വഴിയാണ് പോകുന്നത്. അതിനാൽ ഈ റോഡിലും കുരുക്കുണ്ടാകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |