ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് കൂറ്റന്‍ സ്‌കോര്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 484 എന്ന നിലയിലാണ് സന്ദര്‍ശകര്‍. ഹസന്‍ മഹ്‌മൂദ് 0(2), നഹീദ് റാണ 0(5) എന്നിവരാണ് ക്രീസിലുള്ളത്. സെഞ്ച്വറി പ്രകടനങ്ങള്‍ നടത്തിയ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ 148(279), മുഷ്ഫിഖ്വര്‍ റഹീം 163 (350) എന്നിവര്‍ക്ക് പുറമേ അര്‍ദ്ധ സെഞ്ച്വറി നേടിയ ലിറ്റണ്‍ കുമാര്‍ ദാസ് 90(123) എന്നിവരുടെ പ്രകടനമാണ് ബംഗ്ലാദേശിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
അതേസമയം, ലിറ്റണ്‍ ദാസിന് ശേഷം വന്ന ബാറ്റര്‍മാര്‍ക്ക് കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. 458ന് നാല് എന്ന ശക്തമായ നിലയില്‍ നിന്നാണ് ബംഗ്ലാദേശ് 484ന് ഒമ്പത് എന്ന നിലയിലേക്ക് വീണത്. സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന ലിറ്റണ്‍ ദാസ് പുറത്തായതിന് ശേഷം ജേക്കര്‍ അലി 8(16), നയീം ഹസന്‍ 11(30), തൈജുല്‍ ഇസ്ലാം 6(7) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 123 പന്തുകളില്‍ 11 ഫോറും ഒരു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു ദാസിന്റെ ഇന്നിംഗ്‌സ്.
ശ്രീലങ്കയ്ക്ക് വേണ്ടി അസിത ഫെര്‍ണാന്‍ഡോ, മിലന്‍ പ്രിയനാഥ് രത്‌നായകെ, തരിന്ദു രത്‌നായകെ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സൈക്കിളിലെ ആദ്യ മത്സരമാണ് ശ്രീലങ്ക - ബംഗ്ലാദേശ് പോരാട്ടം. ശ്രീലങ്കന്‍ സീനിയര്‍ താരം എയ്ഞ്ചലോ മാത്യൂസിന്റെ വിടവാങ്ങള്‍ മത്സരം കൂടിയാണ് ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |