ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി ശരിവച്ച് ബോംബെ ഹൈക്കോടതി
മുംബയ് : ഒറ്റ സീസൺ മാത്രം കളിച്ച് വിലക്കപ്പെട്ട് പുറത്തുപോകേണ്ടിവന്ന ഐ.പി.എൽ ടീം കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) 538 കോടിരൂപ നൽകണമെന്ന ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി ശരിവച്ച് ബോംബെ ഹൈക്കോടതി.ട്രൈബ്യൂണലിന്റെ വിധിക്കെതിരെ ബി.സി.സി.ഐ നൽകിയ ഹർജി തള്ളിയാണ് മുംബയ് ഹൈക്കോടതി വിധി.
2011ൽ അന്ന് നിലവിലുണ്ടായിരുന്ന എട്ടുടീമുകൾക്കൊപ്പം പുതിയ രണ്ട് ടീമുകളെ ഉൾപ്പടുത്തിയതിലൊന്നാണ് കൊച്ചി ടസ്കേഴ്സ് കേരള. റാംഗ്ദിവു എന്ന പേരിൽ രൂപീകരിച്ച കൺസോർഷ്യമാണ് ടീമുടമകൾ. ഐ.പി.എൽ പ്രവേശനത്തിനു ടസ്കേഴ്സ് നൽകിയ 156 കോടി രൂപയുടെ ബാങ്ക് ഗാരന്റി തുക ബി.സി.സി.ഐ ഏകപക്ഷീയമായി ഈടാക്കിയതോടെയാണു പ്രശ്നങ്ങൾക്കു തുടക്കം.ആറു മാസത്തിനുള്ളിൽ പുതിയ ഗാരന്റി നൽകാനുള്ള നിർദേശം പാലിക്കാൻ ടസ്കേഴ്സ് വിസമ്മതിച്ചതോടെ, കരാർ ലംഘനത്തിന്റെ പേരിൽ 2011 സെപ്റ്റംബറിൽ ടീമിനെ പുറത്താക്കി. ബോർഡംഗങ്ങളുടെ എതിർപ്പ് വകവയ്ക്കാതെയായിരുന്നു അന്നത്തെ പ്രസിഡന്റ് ശശാങ്ക് മനോഹറിന്റെ തീരുമാനം. ഇതിനെതിരെ ടീം ഉടമകൾ തർക്ക പരിഹാര കോടതിയെ സമീപിച്ചു. 2015 ജൂലൈയിൽ നഷ്ടപരിഹാരം നൽകാൻ ട്രൈബ്യൂണൽ ബിസിസിഐയ്ക്ക് നിർദ്ദേശം നൽകി.
എന്നാൽ നഷ്ടപരിഹാരം വേണ്ട വീണ്ടും ഐ.പി.എല്ലിൽ കളിക്കാൻ അവസരം നൽകിയാൽ മതിയെന്ന ടീമുടമകളുടെ അഭ്യർത്ഥനയോടും ബി.സി.സി.ഐ വഴങ്ങിയില്ല. ട്രൈബ്യൂണൽ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു തീരുമാനം. ഹൈക്കോടതിയിൽ നിന്നും തിരിച്ചടി കിട്ടിയതോടെ നഷ്ടപരിഹാരം നൽകുമോ ടസ്കേഴ്സിനെ വീണ്ടും കളിപ്പിക്കുമോ എന്ന തീരുമാനമെടുക്കേണ്ട സ്ഥിതിയിലാണ് ബി.സി.സി.ഐ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |