തിരുവനന്തപുരം : ഈ ഒക്ടോബറിൽ ലയണൽ മെസിയും അർജന്റീന ഫുട്ബാൾ ടീമും കേരളത്തിൽ സൗഹൃദമത്സരം കളിക്കാനെത്തുമെന്നതിൽ അന്തിമ തീരുമാനം ഇനിയും വരാനിരിക്കേ ഈവർഷം ഡിസംബറിൽ മെസി കൊൽക്കത്തയിലെത്തുമെന്ന് ബംഗാളിലെ മാദ്ധ്യമങ്ങൾ. ഡിസംബർ13 മുതൽ 15 വരെ മൂന്നുദിവസത്തേക്ക് ഇന്ത്യയിലെത്തുന്ന മെസി മുംബയ്‌യിലും ഡൽഹിയിലും സന്ദർശനം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ മെസിയുടെ ഔദ്യോഗിക മാനേജരോ അർജന്റീന ഫുട്ബാൾ അസോസിയേഷനോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ശതാദ്രു ദത്ത എന്ന വ്യവസായിയാണ് മെസിയെ കൊൽക്കത്തയിലെത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍. നേരത്തേ മാറഡോണയെയും റൊണാൾഡീഞ്ഞോയേയും കൊൽക്കത്തയിലെത്തിക്കാൻ ചുക്കാൻ പിടിച്ചത് ഇദ്ദേഹമായിരുന്നു. കൊൽക്കത്തയിൽ മെസി കുട്ടികൾക്കായി ഒരു ഫുട്‌ബാൾ ശിൽപശാല നടത്തുകയും ഫുട്‌ബാൾ ക്ലിനിക്ക് ആരംഭിക്കുകയും ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. ഈഡൻ ഗാർഡൻസിൽ ഗോട്ട് കപ്പ് എന്ന പേരിൽ ഒരു സെവൻസ് ടൂർണമെന്റ് സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ മെസിയെ ആദരിക്കുന്ന ചടങ്ങിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, അഭിഷേക് ബാനർജി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മുംബയ്‌യിയിൽ സച്ചിൻ ടെണ്ടുൽക്കറെയും സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
2011 സെപ്തബറിൽ മെസി കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെനിസ്വേലയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ കളിക്കാനെത്തിയിരുന്നു. മെസി അർജന്റീന ക്യാപ്ടനായ ആദ്യമത്സരമായിരുന്നു ഇത്.
കേരളത്തിലേക്കുള്ള വരവ് ഒന്നുമായില്ല
മെസി കേരളത്തിലേക്കുവരുന്ന കാര്യത്തിൽ അർജന്റീന ഫുട്ബാൾ അസോസിയേഷൻ ഇതുവരെ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. മെസിയുടെയും അർജന്റീന ടീമിന്റേയും വരവ് സ്പോൺസർ ചെയ്യുന്ന കമ്പനി പണമടയ്ക്കാത്തതിനാൽ അർജന്റീന ഫുട്ബാൾ അസോസിയേഷൻ പരിപാടി റദ്ദാക്കാൻ ഒരുങ്ങുന്നതായി കഴിഞ്ഞമാസം വാർത്തകൾ വന്നതിനെത്തുടർന്ന്പണം അടയ്ക്കാനുള്ള നടപടികൾ പൂർത്തിയാക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ഈ മാസം ആറിന് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ' മെസി വരും ട്ടാ...! "എന്ന് കായികമന്ത്രി അബ്ദുറഹിമാൻ കുറിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |