എട്ടുവർഷത്തിന് ശേഷം ഇന്ത്യൻ കുപ്പായം അണിയാനൊരുങ്ങി മലയാളി താരം കരുൺ നായർ
2018ലെ ഇംഗ്ളണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു കരുൺ നായർ എന്ന മറുനാടൻ മലയാളി താരം . അഞ്ചുമത്സരങ്ങളുള്ള ആ പരമ്പരയിലെ നാലുകളികളിലും കരുണിന് അവസരം ലഭിച്ചില്ല. ഒടുവിൽ അഞ്ചാം ടെസ്റ്റിലെങ്കിലും കളിപ്പിക്കുമെന്ന് കാത്തിരുന്ന കരുണിനെത്തേടി ആ വാർത്തയെത്തി, ഇല്ല; ഈ മത്സരത്തിലുമില്ല. അതുവരെ ടീമിനൊപ്പമുണ്ടായിരുന്ന തന്നെ മാറ്റിനിറുത്തി ഹനുമ വിഹാരിയെന്ന ആൾറൗണ്ടറെ വിളിച്ചുവരുത്തി ടെസ്റ്റ് അരങ്ങേറ്റം നടത്തിക്കാനായിരുന്നു അന്നത്തെ കോച്ച് രവി ശാസ്ത്രിയുടേയും ക്യാപ്ടൻ വിരാട് കൊഹ്‌ലിയുടേയും തീരുമാനം. അതറിഞ്ഞതോടെ തന്റെ ജീവിതത്തിൽ ഇനിയെന്തെന്നറിയാതെ കരുൺ തരിച്ചിരുന്നുപോയി. പിന്നെ ഡ്രെസിംഗ് റൂമും സ്റ്റേഡിയവും വിട്ട് പുറത്തേക്കിറങ്ങി ഓക്സ്ഫഡ് സ്ട്രീറ്റിലൂടെ നടന്നു. മനസിന്റെ താളം വീണ്ടെടുക്കാൻ കണ്ണിൽ കണ്ടതെല്ലാം വാങ്ങിക്കൂട്ടി, ബാഗും ഷൂവും തൊപ്പിയുമൊക്കെ...
ഇന്ന് ഇംഗ്ളണ്ടിനെതിരായ മറ്റൊരു പട്ടൗഡി ട്രോഫിക്കുള്ള ടീമിനൊപ്പം ഇംഗ്ളണ്ടിലെത്തി നിൽക്കുമ്പോൾ കരുണിന്റെ മനസിലൂടെ പഴയതെല്ലാം ഒരു സിനിമാ റീലിലെന്നപോലെ ഓടിയെത്തുന്നുണ്ട്. 2016ൽ അരങ്ങേറ്റ പരമ്പരയിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ തുടക്കം. സെവാഗിന് ശേഷം ട്രിപ്പിളടിച്ച ആദ്യ ഇന്ത്യക്കാരനായിട്ടും ആറുടെസ്റ്റുകൾ മാത്രം നീണ്ട ടെസ്റ്റ് കരിയർ. 2017ൽ ഓസ്ട്രേലിയ്ക്ക് എതിരെ ധർമ്മശാലയിൽ ആദ്യ ഇന്നിംഗ്സിൽ അഞ്ചുറൺസിന് പുറത്തായതിന് ശേഷം കരുൺ ഇന്ത്യൻ കുപ്പായത്തിൽ കളിച്ചിട്ടില്ല. 2018ലെ ഇംഗ്ളണ്ട് പര്യടനത്തിൽ അഞ്ചുമത്സരങ്ങളിലും ബെഞ്ചിലിരുന്നു. ഒരുപാട് പ്രതീക്ഷകളുമായി വന്ന ഒരു ചെറുപ്പക്കാരൻ ഒന്നുമല്ലാതായി മാറിയത് അങ്ങനെയായിരുന്നു.
ആ വേദനയിൽ നിന്ന് കരകയറാൻ വർഷങ്ങളെടുത്തു. ''പ്രിയപ്പെട്ട ക്രിക്കറ്റ് എനിക്ക് ഒരു അവസരം കൂടി തരൂ""- എന്ന് കരുൺ സോഷ്യൽ മീഡിയയിൽ കുറിച്ചത് 2022 ഡിസംബർ 10നാണ്. പിന്നീടങ്ങോട്ട് തിരിച്ചുവരവിന് വേണ്ടിയുള്ള കഠിനപ്രയത്നമായിരുന്നു. പക്ഷേ പ്രോത്സാഹിപ്പിക്കാൻ അധികമാരുമില്ലായിരുന്നു. 'ഇന്ത്യൻ ടീമിലൊന്നും ഇനിയിടമുണ്ടാവില്ല. വിരമിക്കൽ പ്രഖ്യാപിച്ച് ബി.സി.സി.ഐയുടെ എൻ.ഒ.സിയും വാങ്ങി ലോകത്ത് എമ്പാടുമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിൽ കളിച്ച് കാശുണ്ടാക്കാൻ നോക്ക് " എന്നുപദേശിച്ചവരും കുറവല്ല.
എന്നാൽ തനിക്ക് തിരിച്ചുവന്നേ മതിയാകൂ എന്ന ദൃഡനിശ്ചയത്തിലായിരുന്നു കരുൺ. ഓരോ ദിവസവും ഓരോ പുതിയ താരോദയങ്ങൾ ഉണ്ടാകുന്ന ഇന്ത്യൻ ക്രിക്കറ്റിൽ തനിക്ക് നഷ്ടമായ സ്ഥാനം തിരിച്ചുപിടിക്കാൻ ആ ചെറുപ്പക്കാരൻ കിട്ടിയ അവസരങ്ങളിലെല്ലാം കസറി. രഞ്ജി ട്രോഫിയിൽ, വിജയ് ഹസാരേ ട്രോഫിയിൽ, സെയ്ദ് മുഷ്താഖ് ട്രോഫിയിലൊക്കെ തുടരെത്തുടരെ സെഞ്ച്വറികളും അർദ്ധ സെഞ്ച്വറികളും നേടിയപ്പോൾ സെലക്ടർമാർക്കും അവഗണിക്കാൻ കഴിഞ്ഞില്ല. ഇക്കഴിഞ്ഞ രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ വിദർഭയുടെ വിജയമൊരുക്കിയതും കരുണിന്റെ ബാറ്റിംഗായിരുന്നു. ഇതോടെയാണ് കരുണിനെ ഇംഗ്ളണ്ട് പര്യടനത്തിലേക്ക് തിരിച്ചുവിളിക്കാൻ തീരുമാനമായത്. സന്നാഹമത്സരങ്ങളിൽ സെഞ്ച്വറിയും അർദ്ധസെഞ്ച്വറിയും നേടി കരുൺ നാളെ ആദ്യ ടെസ്റ്റിനിറങ്ങുന്ന ഇന്ത്യൻ ടീമിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്.
കാലചക്രത്തിന്റെ കറക്കത്തിൽ തന്നെ വേണ്ടെന്ന് ഒരിക്കൽ തീരുമാനിച്ച വിരാട് കൊഹ്‌ലി കളിച്ചിരുന്ന അതേ നാലാം നമ്പർ ബാറ്റിംഗ് പൊസിഷനിലേക്കാണ് 33-ാം വയസിൽ കരുണിനെ കളിപ്പിക്കാൻ ടീം മാനേജ്മെന്റ് ആഗ്രഹിക്കുന്നത്. നന്നായി മലയാളം സംസാരിക്കുന്ന, കേരളത്തിന് വേണ്ടി രഞ്ജി ട്രോഫിയിൽ കളിക്കാൻ ആഗ്രഹിച്ചിരുന്ന കരുണിന് വേണ്ടി കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെയും പ്രാർത്ഥനകളുണ്ട്. മലയാളികളുടെ കരുണേട്ടനോട് അവർക്ക് ഒന്നേ പറയാനുള്ളൂ, 'കലക്കണം,ട്ടോ !"....
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |