ജെറുസലേം: ആക്രമണവും പ്രത്യാക്രമണവുമായി ഇറാൻ- ഇസ്രയേൽ സംഘർഷം ശക്തമാവുകയാണ്. ഇറാനെതിരായ യുദ്ധത്തിൽ ഇസ്രയേലിനൊപ്പം ചേരാൻ യുഎസ് ഒരുങ്ങുന്നെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. വെടിനിറുത്തലല്ല, ഇറാന്റെ സമ്പൂർണ കീഴടങ്ങലാണ് വേണ്ടതെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിക്കാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരസ്യമായി വ്യക്തമാക്കുകയും ചെയ്തു. ഇതിനിടെ മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെ വധിക്കാനുള്ള ഇസ്രയേലിന്റെ നീക്കം ദയനീയമായി പരാജയപ്പെട്ടതാണ് പലരും ഓർമ്മിപ്പിക്കുന്നത്.
1990ന്റെ തുടക്കത്തിലാണ് ഓപ്പറേഷൻ 'ബ്രാംബിൾ ബുഷ്' എന്ന പേരിൽ ഇസ്രയേൽ ചാര സംഘടനയായ മൊസാദ് സദ്ദാം ഹുസൈനെ വധിക്കാൻ പദ്ധതിയിട്ടത്. 1991ലെ ഗൾഫ് യുദ്ധത്തിനുശേഷമാണ് സദ്ദാമിനെ അപകടകാരിയായ ശത്രുവായി ഇസ്രയേൽ കണക്കാക്കിത്തുടങ്ങിയത്. ഇറാഖിന്റെ മിസൈൽ ആക്രമണങ്ങളും അക്കാലത്ത് ഇസ്രയേൽ നേരിട്ടിരുന്നു. വൻ നാശനഷ്ടങ്ങൾക്ക് കാരണമാകുന്ന ആയുധങ്ങൾ ഇറാഖ് വികസിപ്പിക്കുന്നതായി മൊസാദ് ആരോപിച്ചു. ശത്രുവിനെ തുടച്ചുനീക്കാൻ ഇസ്രയേലി സൈന്യവും രഹസ്യാന്വേഷണ വിഭാഗവും ചേർന്ന് പദ്ധതി തയ്യാറാക്കി. പൊതുപരിപാടിയിൽ വച്ച് സദ്ദാമിനെ വധിക്കാനായിരുന്നു ഇസ്രയേലിന്റെ നീക്കം. ഓപ്പറേഷൻ ബ്രാംബിൾ ബുഷ് നടപ്പാക്കാൻ ഇസ്രയേലിന്റെ ഏറ്റവും പ്രഗത്ഭമായ കമാൻഡോ യൂണിറ്റായ സയേററ്റ് മത്‌കലിനെയാണ് ചുമതലപ്പെടുത്തിയത്.
സദ്ദാമിന്റെ ജന്മനാടായ തിക്രിതിലെ ഒരു മരണാനന്തര ചടങ്ങിൽവച്ച് പദ്ധതി നടപ്പാക്കാനായിരുന്നു നീക്കം. അറബികളുടെ വേഷം ധരിച്ച്, ഇസ്രായേലി കമാൻഡോകൾ ഈ പ്രദേശത്തേക്ക് നുഴഞ്ഞുകയറും. ചടങ്ങിനിടെ സദ്ദാമിന്റെ വാഹനവ്യൂഹത്തിന് നേരെ മിസൈലുകൾ വിക്ഷേപിക്കാനായിരുന്നു തീരുമാനം. മൊസാദ് രഹസ്യ വിവരങ്ങൾ നൽകിയപ്പോൾ, ഐഡിഎഫിന്റെ ഉന്നത ഉദ്യോഗസ്ഥർ ഓപ്പറേഷന് അംഗീകാരം നൽകി.
1992 നവംബർ അഞ്ചിന് നെഗേവ് മരുഭൂമിയിൽ ഓപ്പറേഷൻ ബ്രാംബിൾ ബുഷിന്റെ പരിശീലനം നടത്താനായി സയേററ്റ് മത്‌കൽ ടീം എത്തി. ആക്രമണം ശക്തമാക്കാനായി ലൈവ് മിസൈലുകളാണ് സംഘം പരിശീലനത്തിനായി ഉപയോഗിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന ഉറപ്പിലായിരുന്നു ഇത്. എന്നാൽ പരിശീലനത്തിനിടെ ഒരു സംഘാംഗം സ്വന്തം ടീമിന് നേരെ അബദ്ധത്തിൽ യഥാർത്ഥ മിസൈൽ തൊടുത്തുവിട്ടു. അഞ്ച് ഉന്നത സൈനികർ കൊല്ലപ്പെടുകയും ആറ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പിന്നാലെ ദൗത്യം ഉടൻ തന്നെ നിർത്തിവച്ചു. ഈ സംഭവം പിന്നീട് 'ത്സീലിം ബെറ്റ്' ദുരന്തം എന്നാണ് എന്നറിയപ്പെട്ടത്.
ആസൂത്രണം, ആശയവിനിമയം, അപകടസാദ്ധ്യത വിലയിരുത്തൽ എന്നിവയിലുണ്ടായ ഗുരുതര വീഴ്ചകളാണ് അപകടത്തിന് കാരണമായതെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് ദിവസത്തിന് ശേഷം, ഓപ്പറേഷൻ ബ്രാംബിൾ ബുഷ് ഔദ്യോഗികമായി റദ്ദാക്കി. കമാൻഡോകൾ മരണപ്പെട്ടത് വർഷങ്ങളോളം പൊതുജനങ്ങളിൽ നിന്ന് ഇസ്രയേൽ രഹസ്യമായി സൂക്ഷിച്ചിരുന്നു. ഇപ്പോൾ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് മറ്റൊരു രാജ്യത്തിന്റെ ഉന്നത നേതാവിനെ ഇസ്രയേൽ ഉന്നം വയ്ക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |