വടക്കഞ്ചേരി: വാണിയമ്പാറ-വടക്കഞ്ചേരി ദേശീയപാത നിർമ്മാണത്തിനായി മണ്ണെടുത്ത സ്ഥലത്തെ ഇരുപതോളം വീടുകൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. മഴ ശക്തമായതോടെ ഏത് നിമിഷവും മണ്ണിടിച്ചിൽ ഉണ്ടാകുമെന്നും സംരക്ഷണഭിത്തി കെട്ടി നൽകണമെന്നുമാണ് വീട്ടുകാരുടെ ആവശ്യം. തേനിടുക്ക്, പന്നിയങ്കര, ചുവട്ടുപാടം ശങ്കരംകണ്ണൻ തോട്, മേരിഗിരി, വാണിയമ്പാറ, കൊമ്പഴ എന്നിവിടങ്ങളിലാണ് ദേശീയപാതയോരത്തെ വീടുകൾ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നത്. പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം ഉള്ളെരിക്കൽ റെജിയുടെ വീടിനോട് ചേർന്ന മൺതിട്ട ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. ദേശീയപാത അതോറിറ്റിക്കും വില്ലേജ്, പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയെങ്കിലും സംരക്ഷണ ഭിത്തി കെട്ടി നൽകിയിട്ടില്ല. ജീവൻ ഭയന്ന് റെജിയും കുടുംബവും മറ്റൊരു വീട്ടിലേക്ക് താമസം മാറി.
സംരക്ഷണ ഭിത്തി കെട്ടി നൽകിയില്ല
ദേശീയപാതയ്ക്കായി മണ്ണെടുത്തപ്പോൾ സം രക്ഷണഭിത്തി കെട്ടി നൽകാമെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ചുവട്ടുപാടത്ത് ദേശീയപാതയ്ക്ക് വേണ്ടി മണ്ണെടുത്ത സ്ഥലത്തിന് സമീപമുള്ള വീട്ടുകാർ പേടിയോടെയാണ് ഇവിടെ കഴിയുന്നത്. വീടിന്റെ പുറകിൽ മൺതിട്ട മഴയിൽ കുതിർന്ന് നിൽക്കുകയാണ്. ദേശീയപാതയിൽ വടക്കഞ്ചേരി മുതൽ കുതിരാൻ വരെ ഏതു നിമിഷവും അടർന്ന് വീഴുമെന്ന നിലയിൽ മൺതിട്ടയും പാറക്കൂട്ടവും മഴയിൽ കുതിർന്ന് നിൽക്കുന്നുണ്ട്. സുരക്ഷാ ഭീഷണി ശക്തമായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ശങ്കരംകണ്ണൻ തോട്ടിൽ വെള്ളച്ചാലില്ലാത്തതിനാൽ ദേശീയപാതയിലൂടെ വെള്ളം ഒഴുകിയും കെട്ടി നിന്നും യാത്രാക്ലേശം രൂക്ഷമായി. വടക്കഞ്ചേരി, തേനിടുക്ക് മേൽപാലങ്ങളിലും വെള്ളം കെട്ടി നിൽക്കുന്ന ഭാഗങ്ങളുണ്ട്. അഴുക്കുചാലുകളുടെ നിർമ്മാണ അപാകതയും കാരണം തേനിടുക്കിൽ ദേശീയ പാതയരികിലുള്ള വീടുകളിൽ വെള്ളം കയറി ദുരിതമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. ആറുവരിപ്പാതയിൽ വൻ കുഴികൾ രൂപപ്പെട്ടു. അടച്ച കുഴികളിലെ ടാറിംഗ് നീങ്ങി വലിയ കുഴികളായി മാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |