തൃശൂർ : എം.എൽ.എയുടെയും മേയറുടെയും നേതൃത്വത്തിലെത്തി കെട്ടിട നിർമ്മാണം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഇപ്പോഴും മുടന്തി നീങ്ങുകയാണ് തൃശൂർ ജനറൽ ആശുപത്രിയിലെ അമ്മയും കുഞ്ഞും ബ്ളോക്ക്.
90 ശതമാനം ജോലികൾ പൂർത്തിയായെന്ന് പറയുമ്പോഴും ബാക്കിയുള്ള പത്ത് ശതമാനം പൂർത്തിയാക്കാൻ വർഷങ്ങളെടുക്കുകയാണ്. 200 കോടിയോളം രൂപ കിഫ്ബി ഫണ്ട് ജനറൽ ആശുപത്രി വികസനത്തിനായി ലഭിച്ചിട്ടുണ്ട്. ഈ പ്രവൃത്തിക്ക് തുടക്കം കുറിക്കാൻ പോലുമായിട്ടില്ല. യാതൊരു അടിസ്ഥാന സൗകര്യവും ഇല്ലാതെയാണ് ജനറൽ ആശുപത്രിയുടെ പിറകിലുള്ള ഗൈനക്കോളജി, കുട്ടികളുടെ വാർഡ് എന്നിവയുടെ പ്രവർത്തനം.
കുട്ടികളുടെ വാർഡിലേക്ക് പോകാൻ ലിഫ്ട് പോലുമില്ല. ലിഫ്ട് സ്ഥാപിക്കാൻ സ്ഥലം പോലുമില്ല. അമ്മയും കുഞ്ഞും കെട്ടിടം പണി കഴിച്ച് മാറിയാലേ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള നവീകരണം നടക്കൂ. മെഡിക്കൽ കോളേജിനോളം ഓരോ ദിവസവും ഒ.പിയിൽ രോഗികൾ ചികിത്സ തേടിയെത്തുന്നുണ്ട്. ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്, ഓർത്തോ, ഇ.എൻ.ടി, ഡെർമറ്റോളജി, സൈക്യാട്രി, ഒഫ്ത്താൽമോളജി, ഓങ്കോളജി, ഫൊറൻസിക് മെഡിസിൻ തുടങ്ങി വിവിധ വിഭാഗങ്ങൾ ആശുപത്രിയിലുണ്ട്.
കടമ്പകളേറെ
13 കോടി ചെലവിൽ പി.ഡ്ബ്‌ള്യു.ഡിയാണ് കെട്ടിട നിർമ്മാണം നടത്തുന്നത്. ലിഫ്റ്റ ഉൾപ്പെടെയുള്ളവയുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ജൂലായിൽ നിർമ്മാണം പൂർത്തീകരിച്ച് കോർപറേഷന് കൈമാറാമെന്നാണ് വാഗ്ദാനമെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇനിയും മാസങ്ങളെടുക്കും. കെട്ടിടത്തിന്റെ മുന്നിൽ നിൽക്കുന്ന വാട്ടർ ടാങ്കിന്റെ ഭാഗങ്ങൾ പൊളിച്ച് മാറ്റുന്നതിന് ടെൻഡർ നടപടികൾ പൂർത്തിയാകുന്നതേയുള്ളൂ. ഇതിനും ആഴ്ചകളെടുക്കും. നിലവിലെ സാഹചര്യത്തിൽ സെപ്തംബറിൽ തുറന്നു കൊടുക്കാനാകുമോയെന്ന സംശയമുണ്ട്.
ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ്
ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ വാട്ടർ ടാങ്കും സമീപമുള്ള കഞ്ഞിപ്പുരയും പൊളിക്കണം. ഇതിന് പുറമേ കെട്ടിടത്തിന്റെ പിറക് വശത്ത് മതിൽ പൊളിച്ച് പുറത്തേക്ക് വഴിയുണ്ടാക്കണം. കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ ഫയർ ആൻഡ് സേഫ്റ്റി സംവിധാനം ഒരുക്കണം തുടങ്ങി നിരവധി നിർദ്ദേശങ്ങൾ അറിയിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനം അവസാനഘട്ടത്തിലാണ്. തടസങ്ങൾ അടിയന്തരമായി തീർക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |