പാലോട്: പാപ്പനംകോട് ഒഴുകുപാറയിലുള്ള സ്വകാര്യ അരി സംഭരണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ യാതൊരു രേഖകളുമില്ലാത്ത 250ലധികം അരിചാക്കുകൾ പിടികൂടി.സവാള സംഭരണകേന്ദ്രമെന്ന പേരിലാണ് പഞ്ചായത്തിൽ നിന്നും ലൈസൻസ് എടുത്തിരുന്നതെങ്കിലും 2മാസം മുൻപ് ലൈസൻസ് കാലാവധി കഴിഞ്ഞിരുന്നു.തുടർന്ന് ലൈസൻസ് പുതുക്കിയിരുന്നില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നും ഗുണനിലവാരം കുറഞ്ഞ അരിയാണ് ഇവിടെ എത്തിച്ചിരുന്നത്. വളരെ മോശം നിലവാരത്തിലുള്ള അരി വൻതോതിൽ ഇറക്കി അരി കഴുകി കെമിക്കലുകൾ ചേർത്ത് ആപ്പിൾ ബ്രാൻഡ് എന്ന പേരിൽ ഇതേ ഗോഡൗണിൽ നിന്നും പുതിയ ചാക്കുകളിൽ നിറച്ച് തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഇവർ വിറ്റഴിക്കുകയായിരുന്നു.ഇതേ സ്ഥാപനത്തിലെ കയറ്റിറക്കുമായി ബന്ധപ്പെട്ട് വിവിധ യൂണിയനുകളും മാനേജ്മെന്റുമായി കേസ് നിലനിന്നിരുന്നു. ഇതിൽ തൊഴിലാളികൾക്ക് അനുകൂലമായി വിധിയുണ്ടായെങ്കിലും ഇവരെ ജോലി ചെയ്യാൻ അനുവദിച്ചിരുന്നില്ല.എന്നാൽ കഴിഞ്ഞ ദിവസം രാത്രിയോടെ ഗോഡൗണിലേക്ക് അരി എത്തിയപ്പോൾ തൊഴിലാളികൾ തടയുകയും പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഗോഡൗൺ പൂട്ടുകയുമായിരുന്നു.അതിനിടെ അരി പായ്ക്ക് ചെയ്യുന്ന യന്ത്രങ്ങൾ ഉടമകൾ സ്ഥലത്ത് നിന്നു മാറ്റി.കഴിഞ്ഞ ദിവസം രാവിലെ താലൂക്ക് സപ്ലൈ ഓഫീസർ ശ്രീലതയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും റേഷൻ അരിയാണോ എന്ന സംശയത്തെ തുടർന്ന് സപ്ലൈകോ ക്വാളിറ്റി കൺട്രോളറെത്തി അരി പരിശോധനയ്ക്കായി അയച്ചു.പരിശോധനയിൽ റേഷൻ അരിയാണെന്ന് കണ്ടെത്തി.പിടിച്ചെടുത്ത അരി സീൽ ചെയ്ത് കളക്ടർക്ക് കൈമാറും.ഉടമയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പാലോട് പൊലീസിനെ കൂടാതെ നന്ദിയോട് പഞ്ചായത്ത് ആരോഗ്യ വിഭാഗം ജീവനക്കാരും പരിശോധനയിൽ പങ്കാളികളായി.എന്നാൽ നിയമപരമായ എല്ലാ രേഖകളുടേയും അടിസ്ഥാനത്തിലാണ് സ്ഥാപനം നടത്തുന്നതെന്ന് ഉടമ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |