വിഴിഞ്ഞം: ട്രോളിംഗ് നിരോധന കാലത്ത് വിഴിഞ്ഞത്തെ സ്വാഭാവിക മത്സ്യബന്ധനത്തിന് കനത്ത തിരിച്ചടി. തുടർച്ചയായ കാലാവസ്ഥ മുന്നറിയിപ്പുകാരണം മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാതെ വന്നതോടെ തീരം വരുതിയിലായി.
ട്രോളിംഗ് നിരോധന കാലത്ത് വിവിധ സ്ഥലങ്ങളിൽ നിന്നും മത്സ്യബന്ധനത്തിനായി തൊഴിലാളികൾ വിഴിഞ്ഞത്ത് എത്താറുണ്ട്. എന്നാൽ മത്സ്യങ്ങളുടെ ലഭ്യതക്കുറവും കടലിൽ ഇറങ്ങാൻ കഴിയാത്തതും മത്സ്യത്തൊഴിലാളികളെ വലയ്‌ക്കുകയാണ്. ഈ മാസം പകുതിയോടെ കിട്ടേണ്ട കൊഞ്ച് ഇതുവരെ വലയിൽ ലഭിച്ചിട്ടില്ല. തട്ടുമടിവലയ്‌ക്ക് ലഭിക്കേണ്ട കൊഴിയാള,നെത്തോലി,കുട്ടിച്ചൂര ഉൾപ്പെടെയുള്ള മറ്റുമത്സ്യങ്ങൾ ലഭിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
തിരിച്ചടിയായി കാലവർഷം
കാലവർഷം ചതിച്ചതാണ് മത്സ്യലഭ്യത കുറയാൻ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മഴ പെയ്‌ത് കടലിന്റെ അടിത്തട്ട് തണുത്താൽ മാത്രമേ കൊഞ്ചും കണവയും ഉൾപ്പെടെയുള്ളവ ലഭിക്കൂ. എന്നാൽ കാറ്റ് ശക്തമായതോടെ കടലിൽ ഇറങ്ങുന്നത് വിലക്കി. ഇതും തിരിച്ചടിയായി. ഇപ്പോൾ കടലിന്റെ ഒഴുക്ക് തമിഴ്നാട് ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്കാണ്. ഈ ഒഴുക്ക് തിരികെയെത്തിയാൽ മാത്രമേ ഈ ഭാഗത്തെ തൊഴിലാളികൾക്ക് മത്സ്യം ലഭിക്കൂ
വില കുതിക്കുന്നു
അയലയ്‌ക്കും ചൂരയ്‌ക്കും വിപണിയിൽ വൻ വിലയാണ്. 40 രൂപയിൽ താഴെ മാത്രം വിലയുണ്ടായിരുന്ന അയല ഒന്നിന് 60 രൂപയോളം രൂപയാണ് ഇപ്പോൾ. ഒരു കിലോ തൂക്കമുള്ള ചെറിയ ചൂരയ്‌ക്ക് 250 മുതൽ 400 വരെ വിലയുണ്ട്.
ദുരിതം മാത്രം
വലിയ ചൂരപ്രതീക്ഷിച്ച് ഉൾക്കടലിൽ പോകുന്നവർ ഇപ്പോൾ കടക്കെണിയിലായ അവസ്ഥയാണ്. രാത്രി 12ഓടെ വിഴിഞ്ഞത്തു നിന്നു കടലിൽ പോകുന്നവർ പിറ്റേദിവസം 11നാണ് തീരത്തെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |