തൃശൂർ: കോൺഗ്രസിൽ വലിയ പ്രശ്‌നങ്ങളുണ്ടെന്നും പരിഹരിക്കാൻ എ.ഐ.സി.സി ഇടപെടുന്നുവെന്നുമുള്ള പ്രചരണം പൊളിയുന്നു. ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഇന്ന് തൃശൂരിലെത്തി നേതാക്കളുമായി ചർച്ച നടത്തുമെന്നും പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നുമാണ് പറഞ്ഞിരുന്നത്.
ഇത്തരത്തിൽ ഒരു യോഗവും വിളിച്ചിട്ടില്ലെന്നും ദീപാദാസ് മുൻഷി എത്തില്ലെന്നും ഡി.സി.സി അറിയിച്ചു. ഡി.സി.സിക്ക് സമാന്തരമായി ചില നേതാക്കൾ നടത്തുന്ന പ്രവർത്തനം സംബന്ധിച്ച പരാതി ചർച്ച ചെയ്ത് പരിഹരിക്കാൻ ഇടപെടുന്നുവെന്നായിരുന്നു പ്രചരണം. ഇക്കാര്യത്തിൽ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ഈ വിഭാഗം പ്രചരിപ്പിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹനൻ മണ്ഡലം ഭാരവാഹികളുമായി ചർച്ച നടത്തിയിരുന്നു. ഇത് സാധാരണ നടപടിക്രമമായിരുന്നുവെന്നാണ് വിവരം. തൃശൂരിലെ കോൺഗ്രസ് നേതാക്കളുടെ പ്രവർത്തന രീതികൾ പാർട്ടിക്ക് ദോഷം ചെയ്യുന്ന രീതിയിലാണ് നീങ്ങുന്നതെന്ന പരാതിയും മോഹനനെ അറിയിച്ചിട്ടുണ്ട്. അത്തരത്തിലുള്ള പരാതികളിൽ, പിന്നീട് ദേശീയ നേതൃത്വം ചർച്ച ചെയ്ത ശേഷമേ തുടർ നടപടികളുണ്ടാകൂ.
പക്ഷേ കെ.മുരളീധരൻ പാർലമെന്റിലേക്ക് മത്സരിച്ച് പരാജയപ്പെട്ടതിനെ തുടർന്ന് ഉടലെടുത്ത പ്രശ്‌നങ്ങളിൽ പല നേതാക്കളും അതൃപ്തരാണ്. ഭാരവാഹിത്വം നഷ്ടപ്പെട്ട ഇവർ നേതൃത്വത്തോട് പരാതിയും പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതുവരെ പരിഹാരമായിട്ടില്ല. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റായിരുന്ന ടി.എൻ.പ്രതാപന് പുതിയ പുനഃസംഘടന വന്നപ്പോൾ ആ പദവിയും നഷ്ടമായി.
അസംതൃപ്തരായ ചില നേതാക്കൾ യൂത്ത് കോൺഗ്രസ് സംഘടനയെയും മറ്റ് സംഘടനകളെയും കൈയിലെടുത്ത് പല പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ ഒരു വിഭാഗം നേതാക്കൾക്കും പ്രവർത്തകർക്കും അമർഷമുണ്ട്. അതിനിടയിലാണ് ഇന്ന് ദീപാദാസ് മുൻഷി ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ തൃശൂരിലെത്തുന്നുവെന്ന് പ്രചരിപ്പിച്ചത്. നേതാക്കളെ മാത്രം വിളിച്ചുവരുത്തി ചർച്ച നടത്തുമെന്നായിരുന്നു പ്രചരണം.
ദീപാദാസ് മുൻഷി ഇന്ന് ഡി.സി.സിയിൽ യോഗം വിളിച്ചിട്ടില്ല. ഇവിടെ ഇതുവരെ സമാന്തര പ്രവർത്തനങ്ങൾ ആരും നടത്തുന്നില്ല. എല്ലാവരുമായി ആലോചിച്ചാണ് പ്രവർത്തനം. പാർട്ടിക്ക് ദോഷം വരുത്തുന്ന പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ ഷോക്കോസ് നോട്ടീസടക്കം തുടർനടപടികൾ എടുത്തിട്ടുണ്ട്. എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹനൻ ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരം എല്ലാ ജില്ലകളിലും നടത്തുന്ന സന്ദർശനമാണ് ഇവിടെയും നടത്തുന്നത്.
അഡ്വ. ജോസഫ് ടാജറ്റ്
ഡി.സി.സി. പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |