വാഷിംഗ്ടൺ: ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരെ ഇന്ന് നടത്തിയ ആക്രമണങ്ങൾ വിജയിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇനി മുതൽ മേഖലയിൽ സമാധാനം ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ഇസ്രയേൽ സൈന്യത്തെയും ട്രംപ് പ്രശംസിച്ചു. കനത്ത സുരക്ഷയുള്ള ഫോർഡോ സൈറ്റ്, നതാൻസ്, എസ്ഫഹാൻ എന്നിവയുൾപ്പെടെ മൂന്ന് ഇറാനിയൻ ആണവ കേന്ദ്രങ്ങളെയാണ് യുഎസ് സൈന്യം ആക്രമിച്ചത്. ഇതിനായി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചതിന് യുഎസ് സൈന്യത്തെയും അദ്ദേഹം പ്രശംസിച്ചു. മറ്റു പല രാജ്യങ്ങൾക്കും സാധ്യമാകാത്ത കാര്യം അമേരിക്കക്ക് കഴിഞ്ഞുവെന്ന് ട്രംപ് അവകാശപ്പെട്ടു.
ഇറാൻ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ ഇനിയും ഇറാൻ ആക്രമണം നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്റെ നിരവധി കേന്ദ്രങ്ങൾ ഇനിയും ആക്രമിക്കാനുണ്ടെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. ഇപ്പോഴത്തേത് ഒറ്റത്തവണത്തേക്കുള്ള ആക്രമണമാണ് നടത്തിയത്. ദൈവം മിഡിൽ ഈസ്റ്റിനെയും യുഎസിനെയും അനുഗ്രഹിക്കുമെന്നും രണ്ടു മിനിറ്റോളം നീണ്ടു നിന്ന പ്രസംഗത്തിലൂടെ ട്രംപ് പറഞ്ഞു.
ഇറാൻ ആക്രമണത്തെ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പ്രശംസിച്ചു. 'അമേരിക്കയുടെ അത്ഭുതകരവും നീതിയുക്തവുമായ ശക്തി ഉപയോഗിച്ച് ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിടാനുള്ള ട്രംപിന്റെ ധീരമായ തീരുമാനം ചരിത്രത്തെ മാറ്റിമറിക്കും ''ഓപ്പറേഷൻ റൈസിംഗ് ലയണിലൂടെ' അത്ഭുതകരമായ ഒരു കാര്യം ഇസ്രയേൽ ചെയ്തു. ലോകത്ത് മറ്റാർക്കും ചെയ്യാൻ കഴിയാത്തത് ട്രംപും ചെയ്തു. ഇസ്രയേൽ ജനതയും ലോകവും ട്രംപിന് നന്ദി അറിയിക്കുന്നു. സമാധാനം കൈവരിക്കുന്നതിൽ ശക്തിയുടെ പ്രാധാന്യത്തെക്കുറിച്ചും നെതന്യാഹു ഊന്നിപ്പറഞ്ഞു. ശക്തിയിലൂടെ സമാധാനം'. ആദ്യം ശക്തി പിന്നീട് സമാധാനം വരുന്നു. നാളെ, ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തെയും അപകടകരമായ ആയുധങ്ങളെയും ഇല്ലാതാക്കാൻ ട്രംപ് പ്രവർത്തിച്ചതായി ചരിത്രം ഭാവിയിൽ രേഖപ്പെടുത്തും'. നെതന്യാഹു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |