ആലപ്പുഴ: മുട്ടവ്യാപാര സീസൺ ആരംഭിച്ചതോടെ വില കുത്തനെ ഉയർന്നു. സ്കൂളുകളും അങ്കണവാടികളും തുറന്നതോടെ മുട്ടയ്ക്ക് ആവശ്യക്കാരും വർദ്ധിച്ചു. തമിഴ്നാട്ടിലെ നാമക്കൽ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിൽ മുട്ട കൂടുതലായി എത്തുന്നത്. ഇവിടെ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള മുട്ടയുടെ ആവശ്യം കൂടിയതും വില ഉയരാൻ കാരണമായി. രണ്ട് മാസം മുമ്പ് നാലര രൂപയായിരുന്ന (മൊത്തവ്യാപാര വില) മുട്ടയ്ക്കാണ് ഇപ്പോൾ രണ്ട് രൂപയോളം വർദ്ധിച്ചത്. നാടൻ കോഴിമുട്ടയ്ക്കും താറാവിന്റെ മുട്ടയ്ക്കും വില കൂടിയിട്ടുണ്ട്.
കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് വേണ്ടി സ്കൂളുകളിലും അങ്കണവാടികളിലും ഭക്ഷണത്തോടൊപ്പം മുട്ട ഉൾപ്പെടുത്തിയതും ഡിമാന്റ് കൂട്ടി. കേരളത്തിലെ മുട്ട ഉത്പാദനം ഗണ്യമായി കുറഞ്ഞതും വില വർദ്ധനയ്ക്ക് ഇടയാക്കി. ഉത്പാദനം കുറഞ്ഞതോടെ താറാവിന്റെ മുട്ടയുടെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്.
വില്ലനായത് പക്ഷിപ്പനി
ജില്ലയിൽ വ്യാപകമായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌തത് കോഴി, താറാവ് വളർത്തലിനെ ഗണ്യമായി ബാധിച്ചു. വീടുകളിലെ കോഴിവളർത്തലും വലിയ തോതിൽ കുറഞ്ഞു. കുട്ടനാടൻ മേഖലകളിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള താറാവ്, കോഴി വളർത്തൽ നാമാവശേഷമായി. പല ഫാമുകളും ഉത്പാദനവും കുറച്ചു. പലപ്പോഴും ആവശ്യമായ അളവിൽ മുട്ട കിട്ടാത്ത സാഹചര്യമുണ്ട്. മുട്ടവില കൂടിയതോടെ ഹോട്ടലുകളിലും പ്രതിസന്ധിയായി. നാടൻ മുട്ട ആവശ്യപ്പെട്ടെത്തുന്നവരുടെ എണ്ണവും കുറഞ്ഞു.
മുട്ടവില
(മൊത്തം, ചില്ലറ)
കോഴിമുട്ട: 6.30- 7
നാടൻ: 7.5- 8
താറാവിന്റെ മുട്ട: 12-13
കോഴിമുട്ട ആവശ്യത്തിന് ലഭിക്കുന്നുണ്ടെങ്കിലും വില കൂടുതലാണ്. താറവിന്റെ മുട്ടയാണ് ലഭ്യമല്ലാത്തത്. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ഇത് എത്തുന്നത്. അടുത്താഴ്ച മുതൽ ലോഡ് എത്തിത്തുടങ്ങും
-ടിബിൻ തോമസ്, മുട്ടവ്യാപാരി, ചേർത്തല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |