ടെൽഅവീവ്: ഇറാന്റെ ആണവ കേന്ദ്രങ്ങൾ യു.എസ് ആക്രമിച്ചതോടെ പശ്ചിമേഷ്യയിലെ സംഘർഷസ്ഥിതി അതീവഗുരുതരമായി. ഇസ്രയേൽ ആക്രമണം നിറുത്തിയാലേ ചർച്ചയ്ക്കുള്ളൂ എന്ന നിലപാടിൽ ഉറച്ചുനിന്ന ഇറാന് ഇത് താങ്ങാനാവാത്ത പ്രഹരമായി. ഭീമൻ ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ച് ഭൂഗർഭ ആണവനിലയം അടക്കം മൂന്നു ആണവ കേന്ദ്രങ്ങൾ തകർത്തെന്നും ഇറാന്റെ ആണവശേഷി ഇല്ലാതാക്കിയെന്നും യു.എസ് അവകാശപ്പെട്ടു. മൂന്നിടത്തും കനത്ത നാശമുണ്ടായെങ്കിലും ആണവ വികിരണങ്ങൾ വ്യാപിച്ചിട്ടില്ല.
യു.എസ് കാട്ടിയത് ചതിയാണെന്നും മാരക പ്രത്യാഘാതം അനുഭവിക്കാൻ തയ്യാറാകൂ എന്നും ഇറാൻ വെല്ലുവിളിച്ചു. മേഖലയിലെ യു.എസ് സൈനിക താവളങ്ങൾ ഇറാൻ ലക്ഷ്യമിടുമെന്ന ആശങ്ക ശക്തമാണ്. ഇറാന്റെ സമുദ്ര പരിധിയിലൂടെയാണ് ആഗോള എണ്ണ കയറ്റുമതിയുടെ നാലിലൊന്നും നടക്കുന്നത്. ഇത് തടയുമെന്നും ഭീഷണിയുണ്ട്.
യു.എസ് ആക്രമണത്തിന് പിന്നാലെ ഇറാൻ ഇസ്രയേലിൽ നടത്തിയ മിസൈൽ പ്രഹരത്തിൽ 30ലേറെ പേർക്ക് പരിക്കേറ്റു. ടെൽ അവീവിലും ഹൈഫയിലും കനത്ത നാശം.
ഇസ്രയേലിലെ പ്രധാന വിമാനത്താവളമായ ബെൻ ഗുരിയനും ഒരു ബയോളജിക്കൽ സെന്ററും വിവിധ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു.
യു.എസിന്റെ നടപടി ധീരമാണെന്നും ചരിത്രം തിരുത്തുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.ആക്രമണത്തെ യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറെസ് അപലപിച്ചു. യു.എസിനെ വിമർശിച്ച് സൗദി, ഒമാൻ തുടങ്ങിയ രാജ്യങ്ങളും രംഗത്ത്
`` അതിശയിപ്പിക്കുന്ന സൈനിക വിജയം. ഇറാൻ സമാധാനത്തിന് തയ്യാറായില്ലെങ്കിൽ കൂടുതൽ വിനാശകരമായ ആക്രമണങ്ങൾ നേരടേണ്ടിവരും
-ഡൊണാൾഡ് ട്രംപ്,
യു.എസ് പ്രസിഡന്റ്
ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമ്മർ: 19 മണിക്കൂർ പറന്ന് 20 മിനിട്ട് പ്രഹരം
ആക്രമണം ഇന്ത്യൻ സമയം ഞായർ പുലർച്ചെ 4:10 (ഇറാനിൽ പുലർച്ചെ 2:10)
പുറപ്പാട്ശനിയാഴ്ച ഇന്ത്യൻ സമയം രാവിവെ 9.31
7 ബി-2 സ്പിരിറ്റ് ബോംബർ വിമാനങ്ങൾ യു.എസിലെ മിസോറിയിലെ വൈറ്റ്മാൻ എയർഫോഴ്സ് ബേസിൽ നിന്ന് പറന്നുയർന്നു.
ഓരോ വിമാനത്തിലും രണ്ട് വീതം ജി.ബി.യു - 57 ബങ്കർ ബസ്റ്റർ ബോംബുകൾ (ആകെ 14 ബോംബുകൾ).
വടക്കേ അറ്റ്ലാന്റിക്കിന് കുറുകേ പറന്ന് സിറിയൻ, ഇറാക്ക് വ്യോമപരിധികളിലൂടെ ഇറാനിലേക്ക്.
3 ബോയിംഗ് കെ.സി - 46 പെഗാസസ് വിമാനങ്ങൾ ആകാശത്തുവച്ചു ഇന്ധനം പകർന്നു.
12 കിലോ മീറ്റർ ഉയരത്തിൽ പ്രഹരം
ഫോർഡോയിലെ ഭൂഗർഭ ആണവ കേന്ദ്രത്തിന് 12 കിലോ മീറ്റർ ഉയരത്തിൽ ആദ്യവിമാനം. രണ്ട് ബങ്കർ ബസ്റ്റർ ബോംബുകൾ പുറത്തേക്ക്. ഉപഗ്രഹ സിഗ്നൽ സ്വീകരിച്ച് കുത്തനേ ലക്ഷ്യസ്ഥാനത്തേക്ക് . ഓരോ ബോംബിനും13000 കിലോഗ്രാം ഭാരമുള്ളതിനാൽ മിന്നൽവേഗം
പതിക്കുന്ന ആഘാതത്തിൽ ഗർത്തമുണ്ടാക്കി ആഴത്തിലേക്ക് . ഭൂപ്രദേശം 200 അടി വരെ തുളയ്ക്കാൻ ശേഷി. കോൺക്രീറ്റ് 60 അടിവരെ തുളയ്ക്കും. ഇലക്ടോണിക് നിയന്ത്രിത സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുന്നു.
ആണവനിലയത്തിന് 300 അടിവരെ താഴ്ചയുണ്ടെന്ന് അനുമാനം.
മറ്റ് ആറു വിമാനങ്ങൾ ഒന്നൊന്നായി ബോംബുകൾ വർഷിക്കുന്നു.
ഇസ്ഫഹാൻ, നതാൻസ് തകർക്കാൻ ടോമഹോക്ക്
ഇറാൻ തീരത്ത് നിന്ന് 400 മൈൽ അകലെ കടലിൽ യു.എസ് അന്തർവാഹിനികൾ (വിർജീനിയ/ലോസ് ആഞ്ചലസ് ക്ലാസ് അന്തർവാഹിനികൾ).
ഓരോ അന്തർവാഹിനിയും ഓരോ ആണവനിലയം ലക്ഷ്യംവച്ചു.
30 ടോമഹോക്ക് മിസൈലുകൾ തൊടുത്തു.
ശേഷിച്ച രണ്ട് ജി.ബി.യു - 57 ബങ്കർ ബസ്റ്റർ ബോംബുകൾ നതാൻസിൽ പതിച്ചു
ഇന്ത്യൻ സമയം പുലർച്ചെ 5ന് ദൗത്യം പൂർത്തിയാക്കി ബോംബറുകൾ യു.എസിലേക്ക്. 5.20ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വിവരം പുറത്തുവിടുന്നു.
ബസ്റ്റർ ബോംബ് ലക്ഷ്യം കിറുകൃത്യം
ടെഹ്റാനിൽ നിന്ന് 95 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി കോം നഗരത്തിനടുത്തുള്ള പർവതത്തിന്റെ വശത്ത് 80- 90 മീറ്റർ (ഏകദേശം 262-295 അടി) ആഴത്തിലാണ് ഫോർഡോ ആണവ കേന്ദ്രം. ഫോർഡോയിൽ ആറ് ബങ്കർ ബസ്റ്റർ ബോംബിട്ടെന്നാണ് യു.എസ് അവകാശവാദം. എന്നാൽ 90 മീറ്റർ ഭൂഗർഭത്തിലുള്ള ആണവകേന്ദ്രം, 60 മീറ്റർ മാത്രം പ്രഹരപരിധിയുള്ള ബങ്കർ ബസ്റ്റർ ബോംബ് ഉപയോഗിച്ച് എങ്ങനെ തകർക്കാമെന്നത് സ്വാഭാവിക സംശയം. ഇത് മറികടക്കാനാണ്, ഗൈഡഡ് ബോംബായ ബങ്കർ ബസ്റ്റർ യു.എസ് തിരഞ്ഞെടുത്തത്.
ഒരു ബോംബ് പ്രയോഗിച്ച് 60 മീറ്റർ ആഴത്തിൽ തീർക്കുന്ന ഗർത്തത്തിലേക്ക് അതീവ കൃത്യതയോടെ ഗൈഡ് ചെയ്യപ്പെടുന്ന രണ്ടാമത്തെ ബോംബ് അടുത്ത 60 മീറ്റർ ആഴത്തിലെ വരെ ലക്ഷ്യം തകർക്കും. അതായത്, ആകെ 120 മീറ്റർ ആഴം. ലക്ഷ്യപഥത്തിനിടെ എപ്പോൾ വേണമെങ്കിലും ബോംബ് പൊട്ടിക്കാം. ഫോർദോ ആണവ കേന്ദ്രത്തിന് സാരമായ നാശം സംഭവിച്ചതായി ഇറാൻ സമ്മതിച്ചിട്ടുണ്ട്. യു.എസ് ബോംബറുകൾ ഗൈഡഡ് ബോംബ് പ്രയോഗത്തിലൂടെ ആണവകേന്ദ്രം തകർത്തതായിത്തന്നെ കരുതാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |