കോലഞ്ചേരി/പെരുമ്പാവൂർ: പിണങ്ങിക്കഴിയുന്ന ഭാര്യയിൽ നിന്ന് മക്കളെ തട്ടിയെടുത്ത് കാറിൽ മരണപ്പാച്ചിൽ നടത്തിയ ഭർത്താവ് പൊലീസ് ഉദ്യോഗസ്ഥനെ വാഹമിടിച്ച് വീഴ്‌ത്തി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാർ തട്ടി പൊലീസ് കൺട്രോൾ റൂം വാഹനത്തിനും കേടുപറ്റി. മക്കളുമായി മണിക്കൂറുകൾ നീണ്ട പാച്ചിലിനിടെ കാർ നിറുത്തിയിട്ട് കടന്ന ഇയാളെ പിന്നീട് വീട്ടിൽ നിന്ന് രാത്രി കസ്റ്റഡിയിലെടുത്തു. കുട്ടികളെ പൊലീസ് സുരക്ഷിതരായി അമ്മയെ ഏൽപ്പിച്ചു.
പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിൽപ്പെട്ട അറക്കപ്പടി പെരുമാനി കലയതുരുത്ത് ഓട്ടത്താണി സ്വദേശി ജിഷ്ണുവാണ് (31) പൊലീസിനെയും നാട്ടുകാരെയും മുൾമുനയിൽ നിറുത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: ജിഷ്ണുവിന്റെ അമിതമദ്യപാനത്തെ തുടർന്ന് ഭാര്യ മക്കളുമായി കോടനാട് മുടക്കുഴ തൃക്കേപ്പാറയിലുള്ള കുടുംബവീട്ടിലാണ് താമസം. ഇന്നലെ ഉച്ചകഴിഞ്ഞ് ഇവിടെയെത്തിയ ജിഷ്ണു ഏഴും അഞ്ചും വയസ്സുള്ള മക്കളെ ഭാര്യയുടെ അനുമതിയില്ലാതെ കാറിൽക്കയറ്റി കൊണ്ടുപോയി.
കുട്ടികളെ തട്ടിക്കൊണ്ടുപോയതായി ഭാര്യ ആലുവ റൂറൽ കൺട്രോൾറൂം പൊലീസിൽ അറിയിച്ചു. ഇയാൾ കാറുമായി പോകാൻ സാദ്ധ്യതയുള്ള ഭാഗങ്ങളിൽ പൊലീസ് വാഹനപരിശോധന തുടങ്ങി. ഇതിനിടെയാണ് പെരുമ്പാവൂർ വളയൻചിറങ്ങര ഭാഗത്ത് കാർ കിടക്കുന്നതായി വിവരം കിട്ടിയത്. ഇവിടെയെത്തിയ കൺട്രോൾ റൂം പൊലീസിലെ സി.പി.ഒ ജെയ്സൺ കാറിനടുത്തേക്ക് വരുന്നതിനിടെ ഇയാൾ വാഹനം പെട്ടെന്ന് പിന്നോട്ടെടുത്തു. നിറുത്താൻ കൈവീശിയ ജെയ്സണെ തട്ടിവീഴ്‌ത്തി അമിത വേഗത്തിൽ ഓടിച്ചുപോയി. കാറിന്റെ തുറന്നുകിടന്ന ഡോർ ഇടിച്ച് കൈയ്‌ക്ക് പരിക്കേറ്റ ജെയ്സണെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് ശുശ്രൂഷനൽകി.
ജിഷ്ണുവിനെ തടയാനായി പട്ടിമറ്റത്തിന് സമീപം വലമ്പൂരിൽ റോഡിന് കുറുകെ ഇട്ടിരുന്ന പൊലീസ് കൺട്രോൾ റൂം വാഹനത്തിലിടിച്ച് കാറുമായി കടന്നു. പൊലീസ് പിടിക്കുമെന്ന് ഉറപ്പായതോടെ ഇയാൾ പരിചയക്കാരന്റെ ഓട്ടോയിൽ കുട്ടികളെ കയറ്റി വീട്ടിലെത്തിക്കാൻ ഏർപ്പാട് ചെയ്തു.
കാർ വൈകിട്ട് നാലോടെ പട്ടിമറ്റത്തിനടുത്ത് കുമ്മനോട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാറിന്റെ ഇന്ധനം തീർന്നതാണ് ഉപേക്ഷിക്കാൻ കാരണം. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് രാത്രി ഏഴരയോടെ വെങ്ങോലയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. പൊലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചതിനുൾപ്പെടെ കേസെടുത്തു. കുട്ടികളെ പൊലീസ് കോടനാട്ടെ വീട്ടിലെത്തിച്ച് മാതാവിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |