ലണ്ടൻ : കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി കലാ - സാഹിത്യ-സാമൂഹ്യ-സാംസ്കാരിക- രാഷ്ട്രീയ മേഖലയിൽ സജീവ ഇടപെടലുകൾ നടത്തുന്ന യുവകലാസാഹിതി യു കെയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാഹിത്യോത്സവം ലണ്ടനിൽ നടന്നു. യൂറോപ്പിലെ പ്രഥമ മലയാള സാഹിത്യോത്സവത്തിന്റെ ആദ്യ പതിപ്പ് ലണ്ടനിലെ വെസ്റ്റ് ഡ്രൈറ്റൻ കമ്മ്യൂണിറ്റി ഹാളിലാണ് നടന്നത്.
സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും ചരിത്രസമന്വയത്തിന് വേദിയാകുന്ന വൈ.എൽ.എഫ് യു.കെ. പ്രവാസി മലയാളികളുടെ, പ്രത്യേകിച്ച് മലയാള സാഹിത്യകാരുടെ പങ്കാളിത്തം കൊണ്ട് മികച്ചതായി. കേരള ചരിത്രത്തെയും സംസ്കാരത്തെയും ആഗോളതലത്തിൽ പരിചയപ്പെടുത്തുന്ന യുവകലാസാഹിതി സാഹിത്യോത്സവത്തിൽ വർത്തമാനകാല സമസ്യകളെ കണ്ടെത്തി സംവദിക്കുകയും വിലയിരുത്തുകയും ചെയ്തു. അന്താരാഷ്ട്ര നിലവാരത്തിൽ അരങ്ങേറിയ യുവകലാസാഹിതി യു.കെ സാഹിത്യോത്സവം കേരള കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.
'നമ്മളെല്ലാം ഒന്നാണ്. നമ്മുടെ സ്വാതന്ത്ര്യവും അവകാശങ്ങളും എല്ലാം ഒന്നാണ്. ഇപ്പോൾ നമ്മെ അന്യോന്യം സ്പർദ്ധയുള്ളവരാക്കി മാറ്റി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ വരുന്നവരുണ്ട്. അത് കണ്ടറിഞ്ഞു തടഞ്ഞു നിർത്താനാകണം. ഒത്തൊരുമയിൽ മാത്രമേ ലണ്ടനിലായാലും കേരളത്തിലായാലും നമുക്ക് മുന്നോട്ടു പോകാനാവൂ. വിദ്വേഷം വലിച്ചെറിഞ്ഞു വേർപിരിഞ്ഞല്ല സംഘടിച്ച്. നമ്മൾ ശക്തരാകണം. ആ സമര പാരമ്പര്യം നമ്മൾ നിലനിർത്തണം'- മന്ത്രി പി പ്രസാദ് പറഞ്ഞു.
ഇപ്പോൾ ലോകമെമ്പാടും യുദ്ധത്തിന്റെ ആഘോഷമാണ് നമ്മൾ കാണുന്നത്. അതിന്റെ കാഹളമാണ് നമ്മൾ കേൾക്കുന്നത്. ആരും യുദ്ധം വേണ്ടാ എന്ന് പറയുന്നില്ല. എവിടെയെങ്കിലും യുദ്ധം വിതച്ചു സന്തോഷം കൊയ്‌തെടുത്തിട്ടുണ്ടോ ? ശവക്കൂനകളുടെ ഒത്ത നടുവിൽ നിന്ന് എന്ത് സന്തോഷിക്കാനാണ് ? ഇവിടെ സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ സന്ദേശമാണ് വരേണ്ടതെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.
ഡോ രവി രാമൻ, എഴുത്തുകാരി ദീപ നിശാന്ത്, ഡോ ബിജു പെരിങ്ങത്തറ, ഷിനു ക്ലയർ മാത്യു, ഷെഫ് ജോമോൻ,Fr. ഷൈജു മത്തായി, മനോജ് കുമാർ, ബിജോയ് സെബാസ്റ്റ്യൻ, സി എ ജോസഫ്, കുര്യൻ ജേക്കബ്, വിശാൽ ഉഷ ഉദയകുമാർ എന്നിവർ ഉദ്ഘാടനസമ്മേളനത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യുവകലാസാഹിതി പ്രസഡിഡന്റ് എം പി അഭിജിത് അദ്ധ്യക്ഷത വഹിക്കുകയും സാഹിത്യോത്സവം ഡയറക്ടർ അഡ്വ. എൻആർ മുഹമ്മദ് നാസിം സ്വാഗതവും സെക്രട്ടറി ലെജീവ് രാജൻ നന്ദി പറയുകയും ചെയ്തു.
സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യപുരസ്കാരവും സമ്മാനിച്ചു. മികച്ച കഥയായി ജോയൽ പോളിന്റെ അളകനന്ദയിലെ ദേവദാരുവും, മികച്ച കവിതയായി അനൂപ് എം അറിന്റെ ചരിത്ര ഹൗവ്വയും, മികച്ച നോവലായി ജയശ്രീ ശ്യാംലാലിന്റെ മിറിയവും തിരഞ്ഞെടുത്തു. മന്ത്രി വിജയികൾക്ക് സമ്മാനം കൈമാറി.
ബ്രിട്ടന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആറു പേരടങ്ങുന്ന നാലു പാനലുകളിലായി ചർച്ചകൾ നടന്നു. പുസ്തക പ്രകാശനം, പുസ്തകോത്സവം, പുസ്തക പരിചയപ്പെടുത്തൽ, മെമ്മോറിയം, അനുപമ ശ്രീയുടെ ഭരതനാട്യം, എഡ്വിൻ ജോർജന്റെ ആർട്ട് ഗ്യാലറിയും സാഹിത്യോത്സവന് കൂടുതൽ മിഴിവേകി. സാഹിത്യോത്സവത്തിന്റെ അടുത്ത പതിപ്പ് 2026 ൽ ലണ്ടനിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |