ആലപ്പുഴ : മഴക്കാലം ആരംഭിച്ചതോടെ ജില്ലയിലെ വിവിധപ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ (ജയന്റ് ആഫ്രിക്കൻ സ്‌നേൽ) ശല്യം വ്യാപകമായി. ത്രികാലങ്ങളിലാണ് ഇവ കൂട്ടമായി പുറത്തേയ്ക്ക് വരുന്നത്. ആഫ്രിക്കൻ ഒച്ചിന്റെ സ്രവങ്ങളിലെ പരാദവിര മനുഷ്യരിൽ മസ്തിഷ്കജ്വരം ഉണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്ന് കീടനീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സന്നദ്ധ സംഘടനകൾ, കാർഷിക കൂട്ടായ്മകൾ എന്നിവയുടെയെല്ലാം നേതൃത്വത്തിൽ ബോധവൽക്കരണവും നിയന്ത്രണ പ്രവർത്തനങ്ങളും നടത്തണമെന്ന് കീടനീരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടർ അറിയിച്ചു.
വാഴ, കിഴങ്ങ് വർഗങ്ങൾ, ഇഞ്ചി, മഞ്ഞൾ, പപ്പായ, നാരകം, ഇലവർഗ്ഗ പച്ചക്കറികൾ മുതലായ വ്യത്യസ്ത കാർഷികവിളകളെ ആക്രമിച്ച് വിളനാശമുണ്ടാക്കുന്നവയാണ് ആഫ്രിക്കൻ ഒച്ചുകൾ. വാഴയിലക്കാണ് ഏറ്റവുമധികം നാശമുണ്ടാക്കുന്നത്. ഇവയുടെ പ്രത്യുത്പാദനശേഷിയും വളരെ കൂടുതലാണ്. ഒരു ഒച്ച് ശരാശരി 900 മുട്ടകളെങ്കിലുമിടും. ഇവയിൽ 90 ശതമാനവും വിരിഞ്ഞിറങ്ങുകയും ചെയ്യും.
നിയന്ത്രണ മാർഗങ്ങൾ
ജൈവഅവശിഷ്ടങ്ങൾ കൂട്ടിയിടാതിരിക്കുക, കാടുകയറിയ പറമ്പുകൾ വൃത്തിയാക്കുക.
പപ്പായയുടെ ഇല, തണ്ട്, മുരിങ്ങയില, കാബേജ് ഇലകൾ മുതലായവ നനഞ്ഞ ചണച്ചാക്കിലാക്കി ഒരു ദിവസം വച്ചാൽ ഇവയിലേയ്ക്ക് ഒച്ച് ആകർഷിക്കപ്പെടും
ഇങ്ങനെവരുന്ന ഒച്ചുകളെ കുഴിയിലിട്ട് ഉപ്പ് വിതറിയോ, തുരിശ് ലായനി തളിച്ചോ നശിപ്പിക്കാം. പിന്നീട് തെങ്ങിൻ ചുവട്ടിൽ കുഴിച്ചിട്ടാൽ വളമാക്കാം.
ഗ്ലൗസ് ഇടാതെ ഒച്ചിനെ കൈകാര്യം ചെയ്യരുത്. തുടർന്ന് കൈകൾ സോപ്പിട്ട് കഴുകണം.
മണ്ണിൽ ഒരടി താഴ്ചയിൽ കുഴിയെടുത്ത്, അതിൽ ഒരു ദിവസം പുളിപ്പിച്ച പൈനാപ്പിൾ, പഴം, പപ്പായ എന്നിവ ശർക്കരയും യീസ്റ്റും ചേർത്ത് ഇട്ടുകൊടുക്കുക
ഇതിലേയ്ക്ക് ആകർഷിച്ചെത്തുന്ന ഒച്ചുകളെ ഉപ്പ് വിതറി നശിപ്പിച്ച് കുഴി മൂടുക.
60 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ചാൽ മതിലുകളിലും തടികളിലുമുള്ള ഒച്ചുകളെ നശിപ്പിക്കാം
പറമ്പുകളിൽ 10 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിക്കാം.
ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം വർദ്ധിച്ച സാഹചര്യത്തിൽ കർഷകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം
- കീടനീരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |