ദോഹ: ബങ്കർ ബസ്റ്റർ ബോംബിട്ട് ആണവനിലയങ്ങൾ തകർത്തതിനു തിരിച്ചടിയായി, ഖത്തറിലെ യു.എസ് സൈനിക ബേസിലേക്ക് മിസൈലാക്രമണം നടത്തി ഇറാൻ. ഇന്നലെ ഇന്ത്യൻ സമയം രാത്രി 10നാണ് ദോഹയ്ക്ക് സമീപമുള്ള അൽ-ഉദെയ്ദ് എയർ ബേസിന് നേരെ ആക്രമണമുണ്ടായത്.
മിസൈലുകളെ ഖത്തറിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തു. ആർക്കും പരിക്കില്ല. ആക്രമണ സൂചന ലഭിച്ചുടൻ ബേസ് ഒഴിപ്പിച്ച ഖത്തർ വ്യോമപാത അടച്ചിരുന്നു. ഇറാന്റെ ആക്രമണത്തെ അപലപിച്ച ഖത്തർ തിരിച്ചടിക്കുമെന്ന് പറഞ്ഞു. ഖത്തറിനെതിരെയല്ല, യു.എസ് ബേസാണ് ലക്ഷ്യമെന്ന് ഇറാൻ പ്രതികരിച്ചു. യു.എസിന്റെ മിഡിൽ ഈസ്റ്റിലെ വലിയ സൈനിക ബേസാണ് അൽ-ഉദെയ്ദ്.
ഭീഷണി കണക്കിലെടുത്ത് ഖത്തർ, ബഹ്റൈൻ, യു.എ.ഇ എന്നീ രാജ്യങ്ങളും വ്യോമപാത താത്കാലികമായി അടച്ചു. ബഹ്റൈനിൽ അപായ സൈറണുകൾ മുഴങ്ങി. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ചു. സിറിയയിലേയും ഇറാക്കിലേയും യു.എസ് ബേസുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.
അതേസമയംഇറാക്കിൽ അൻബർ പ്രവശ്യയിലുള്ള യു.എസിന്റെ ഐൻ അൽ അസദ് എയർബേസ് ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടെങ്കിലും യു.എസ് നിഷേധിച്ചു.
50,000 സൈനികരെ കൊല്ലും: ഇറാൻ
ആണവനിലയങ്ങൾ തകർത്തതിനു തിരിച്ചടിയായി 50,000 അമേരിക്കൻ സൈനികരെ കൊല്ലുമെന്ന് ഇറാന്റെ ഭീഷണി. ഇറാനിൽ ഭരണമാറ്റം ആലോചിക്കേണ്ടതാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു. അമേരിക്കൻ സൈനികരെ കൂട്ടക്കൊല ചെയ്ത് ശവപ്പെട്ടികളിൽ വാഷിംഗ്ടണിലേക്ക് അയയ്ക്കണമെന്ന് ഇറാൻ ദേശീയ ടെലിവിഷനിലാണ് ആഹ്വാനം വന്നത്. ഇറാന്റെ പിന്തുണയുള്ള മിഡിൽ ഈസ്റ്റിലെ സായുധഗ്രൂപ്പുകളും യു.എസ് സൈനിക ബേസുകളെ ലക്ഷ്യം വച്ചേക്കും. തങ്ങളെ ആക്രമിച്ചാൽ ഇറാന്റെ വിനാശത്തിൽ ഭവിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
45,000 സൈന്യം
ബഹ്‌റൈൻ, ഈജിപ്റ്റ്, ഇറാക്ക്, ഇസ്രയേൽ, ജോർദ്ദാൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, സിറിയ, യു.എ.ഇ എന്നിവിടങ്ങളിലെ ബേസുകളിലും യുദ്ധക്കപ്പലുകളിലുമായി 45,000 അമേരിക്കൻ സൈനികരുണ്ട്.
ഇറാനിയൻ ഭരണകൂടത്തിന് രാജ്യത്തെ സുരക്ഷിതമാക്കാൻ കഴിയുന്നില്ലെങ്കിൽ അവിടെ ഒരു ഭരണമാറ്റം വേണ്ടതാണ്
- ഡൊണാൾഡ് ട്രംപ്,
യു.എസ് പ്രസിഡന്റ്
തിരുവനന്തപുരത്ത് നിന്നുള്ള വിമാനങ്ങൾക്ക് നിയന്ത്രണം
ഇറാന്റെ ഖത്തർ ആക്രമണത്തിന് പിന്നാലെ അന്തരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിദേശ എയർലൈൻസുകൾക്ക് അടിയന്തര നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാത്രി 10.30ന് പുറപ്പെടേണ്ട മസ്കറ്റിലേയ്ക്ക് പറന്ന ഗൾഫ് എയർ വിമാനം ഒരു മണിക്കൂറിന് ശേഷം തിരിച്ചിറക്കിച്ചു. പിന്നാലെ പുറപ്പെടേണ്ട എത്തിഹാദ്, ഗൾഫ് എയർ, എമിറേറ്റ്സ് വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഈ വിമാനങ്ങളിലെ യാത്രക്കാർക്ക് മടങ്ങാനും നിർദ്ദേശം നൽകി.
കൊച്ചിയിൽ നിന്നുള്ള വിമാനങ്ങൾക്കും നിയന്ത്രണം
ഖത്തർ വിമാനത്താവളം അടച്ചതിനെ തുടർന്ന് കൊച്ചിയിൽ നിന്നുള്ള വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി സിയാൽ അധികൃതർ അറിയിച്ചു. വൈകിട്ട് 6.53 ന് കൊച്ചിയിൽ നിന്ന് ഖത്തറിലേക്ക് പോയ എയർ ഇന്ത്യ വിമാനം മസ്ക്കറ്റിലേക്ക് തിരിച്ചു വിട്ടു. ഇന്ന് പുലർച്ചെ ഒന്നിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യയുടെ ദോഹ വിമാനം റദ്ദാക്കി. പുലർച്ചെ 2.53 ന് കൊച്ചിയിൽ എത്തേണ്ട ഖത്തർ എയർവേയ്സ് വിമാനം വൈകി. അബുദാബിയിൽ നിന്നും കൊച്ചിയിലേക്ക് വരേണ്ട എയർ അറേബ്യ വിമാനവും വൈകി. കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പോയ ഇത്തിഹാദ് വിമാനം തിരിച്ചിറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |