കൊല്ലം: കല്ലുപാലം- തോട്ടുമുഖം കനാൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസ്സഹമായിട്ടും പരിഹാര മാർഗ്ഗങ്ങളില്ല. റോഡരികുകൾ കാട് കയറിയതും മാലിന്യ നിക്ഷേപ കേന്ദ്രമായതും നാട്ടുകാർക്ക് തലവേദനയായി.
കല്ലുപാലത്തിൽ നിന്നു തുടങ്ങി പള്ളിത്തോട്ടം വഴിയുള്ള മൂന്ന് കിലോമീറ്ററോളം റോഡാണ് കുണ്ടും കുഴിയുമായത്. നിലവിൽ ഈ റോഡിന്റെ പല ഭാഗങ്ങളും കാൽനടയാത്ര പോലും ദുസഹമാകും വിധം തകർന്ന് കിടക്കുകയാണ്. മഴ തുടങ്ങിയതോടെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നു. വാഹനങ്ങൾ കടന്നു പോകുമ്പോൾ ചെളി വെള്ളം കാൽനടയാത്രികരുടെ മേൽ തെറിക്കുന്നുണ്ട്.. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഭാഗങ്ങളിൽ ഇരുചക്ര വാഹനയാത്രികർ അപകടത്തിൽപ്പെടുന്നതും പതിവായി.
ഈ റോഡ് പൂർണതോതിൽ ടാറിംഗ് നടത്തി യാത്രായോഗ്യമാക്കിയിട്ട് നാളുകളായി. താത്കാലികമായെങ്കിലും കുഴികളടച്ച് യാത്ര സുഗമമാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുന്നുകൂടി മാലിന്യവും
ഈ റോഡിന്റെ ഭൂരിഭാഗവും കാടുകയറിയ നിലയിലാണ്. ഇവിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരുടെ എണ്ണവും ദിനംപ്രതി വർദ്ധിക്കുന്നു. പലേടത്തും വലിയ മാലിന്യക്കൂന തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പ് ബോർഡുകളൊന്നും ആരും ഗൗനിക്കുന്നില്ല. ഇവിടങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യവും കൂടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |