ജക്കാർത്ത: ഇൻഡോനേഷ്യയിലെ സജീവ അഗ്നിപർവ്വതമായ മൗണ്ട് റിൻജാനിയ്ക്ക് സമീപം ഹൈക്കിംഗിനെത്തിയ ബ്രസീലിയൻ വിനോദ സഞ്ചാരിയെ കാണാതായി. 26 കാരിയായ ജൂലിയാന മാരിൻസിനെയാണ് ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 6.30ഓടെ കാണാതായത്. ഹൈക്കിംഗ് സംഘത്തോടൊപ്പം സഞ്ചരിക്കവെ അഗ്നിപർവ്വതത്തിന് സമീപത്തെ പാറക്കെട്ടിൽ നിന്ന് ജൂലിയാന താഴേക്ക് വീഴുകയായിരുന്നു.
മേഖലയിലെ ഭൂപ്രകൃതിയും മൂടൽ മഞ്ഞും തെരച്ചിലിന് പ്രതികൂലമാകുന്നെന്ന് ഇൻഡോനേഷ്യൻ അധികൃതർ പറഞ്ഞു. ജൂലിയാന ജീവനോടെയുണ്ടെന്ന് അധികൃതർ പറയുന്നു. എന്നാൽ ജൂലിയാന ഉണ്ടെന്ന് കരുതുന്ന ഇടത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല. പാറക്കെട്ടിൽ നിന്ന് 984 അടി താഴ്ചയിൽ രക്ഷാപ്രവർത്തകർ ഇറങ്ങിയെങ്കിലും കണ്ടെത്താനായില്ല. ജൂലിയാനയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്ന് കുടുംബം പ്രതികരിച്ചു.
രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ രണ്ട് എംബസി ജീവനക്കാരെ നിയോഗിച്ചതായി ബ്രസീൽ വിദേശകാര്യ മന്ത്റാലയം പ്രസ്താവനയിൽ പറഞ്ഞു. 2022ൽ ഒരു പോർച്ചുഗീസ് പൗരൻ റിൻജാനി പർവ്വതത്തിലെ പാറക്കെട്ടിൽ നിന്ന് വീണ് മരണപ്പെട്ടിരുന്നു. ഈ വർഷം മേയിൽ ഒരു മലേഷ്യൻ ഹൈക്കർ സമാന അപകടത്തിൽ മരിച്ചു. 3,700 മീറ്ററിലധികം ഉയരമുള്ള റിൻജാനി ഇൻഡോനേഷ്യയിലെ ഉയരം കൂടിയ രണ്ടാമത്തെ അഗ്നിപർവ്വതമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |